തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തു ലോട്ടറി വില്പന ഇന്നു മുതല്‍ പുനരാരംഭിക്കില്ല. വിറ്റുപോകാത്ത ലോട്ടറി എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമാവാത്തതാണു കാരണം. ഇക്കാര്യം ധനമന്ത്രി നാളെ യൂണിയനുകളുമായി ചര്‍ച്ച ചെയ്യും.
അതേസമയം, ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സംസ്ഥാനത്തിനകത്തെ ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയും അടഞ്ഞുകിടക്കും. ആരാധനാലയങ്ങള്‍ തുറക്കാനും അനുമതിയില്ല. സ്കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.
സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമില്ല. എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഉണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.