തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് മദ്യം ലഭിക്കാതിരുന്നത് മദ്യ വര്‍ജനത്തിന് സഹായകരമാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര് ലോക്ക് ഡൗണ്‍ കാലയളവില്‍ മദ്യത്തിനായി ശ്രമിച്ചില്ലെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയാരോഗ്യ കൂട്ടായ്മ ക്യാപ്സ്യൂള്‍ കേരളയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍: മദ്യമില്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയപ്പോള്‍ വീട്ടിലെ അന്തരീക്ഷത്തില്‍ മാറ്റമുണ്ടായി.
അതേസമയം, സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിനുള്ള ‘ബെവ്ക്യൂ’ ആപ്പ് പ്രവര്‍ത്തനസജ്ജമായതായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തവര്‍ക്ക് ഔട്ട്ലെറ്റുകളിലൂടെ വ്യാഴാഴ്ച (28) മുതല്‍ മദ്യം വാങ്ങാം.
കോവിഡ്19 വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മദ്യ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെര്‍ച്വല്‍ ക്യൂ സമ്ബ്രദായത്തിലൂടെ മദ്യം ലഭ്യമാക്കുന്നത്. ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള 265 ഉം കണ്‍സ്യൂമര്‍ഫെഡിനു കീഴിലുള്ള 36 ഉം ചില്ലറ വില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ബാര്‍ഹോട്ടലുകളില്‍ നിന്നും ചില്ലറവില്പനശാലകളില്നിന്നും മദ്യം പാഴ്സല്‍ ആയി മാത്രമേ ലഭിക്കൂ. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ നിന്ന് ബിയറും വൈനും മാത്രമായിരിക്കും ലഭിക്കുക. സര്‍ക്കാര്‍ ദിവസേന നിര്‍ദേശിക്കുന്ന ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വില്പനശാലകള് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ് വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചിത വില്പനശാലയില് കോവിഡ്-19 നിബന്ധനകള്‍ പാലിച്ചും തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്ബര്‍ ഉള്ള മൊബൈലും സഹിതം ഹാജരായി വില്പനകേന്ദ്രത്തില് പണം അടച്ചാണ് മദ്യം വാങ്ങേണ്ടത്. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫീച്ചര്‍ ഫോണ്‍ വഴി എസ്.എം.എസ് സംവിധാനത്തിലൂടെയും ടോക്കണ്‍ ബുക്ക് ചെയ്യാം.
ഔട്ട്ലെറ്റുകളിലെ ക്യൂവില്‍ ഒരുസമയം അഞ്ചുപേര്‍ മാത്രമേ നില്ക്കാന് അനുവദിക്കൂ. ടോക്കണ്‍ ലഭിച്ചവര്‍ മാത്രം ക്യൂവില്‍ എത്തിയാല്‍ മതിയാകും. രാവിലെ ആറുമുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. വിതരണസമയം രാവിലെ ഒന്പതുമുതല് വൈകിട്ട് അഞ്ചുവരെയായിരിക്കും. ഔട്ട്ലെറ്റുകളില് കൈകഴുകാന്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.