ജോലിയ്‌ക്ക് വന്ന വജ്രഖനിയിൽ നിന്ന് തൊഴിലാളിയ്‌ക്ക് ലഭിച്ചത് കോടികൾ രൂപ വിലവരുന്ന 19.22 കാരറ്റ് വജ്രം. മധ്യപ്രദേശിലെ പന്ന ജില്ലയിലെ കൃഷ്ണ കല്യാൺപൂരിലെ പതി പ്രദേശത്തെ ഖനിയിൽ നിന്നാണ് വനവാസി തൊഴിലാളിയായ ചുൻവാഡ ഗോണ്ടയ്‌ക്ക് വജ്രം ലഭിച്ചത് .

മെയ് 20 നാണ് ചുൻവാഡ ഗോണ്ട്, വജ്രഖനിയിൽ തൊഴിലാളിയായി എത്തിയത്. 8×8 മീറ്റർ സ്ഥലമാണ് ഖനനത്തിനായി നൽകിയത്. ഭാര്യയോടും മക്കളോടുമൊപ്പമാണ് ചുൻവാഡ കുഴിയെടുക്കാൻ എത്തിയത് . 2 മാസത്തോളം രാവും പകലും അധ്വാനിച്ച അദ്ദേഹത്തിന് ഖനനത്തിൽ അമൂല്യ വജ്രമാണ് ലഭിച്ചത് . ചുൻവാഡ ഇത് ഡയമണ്ട് ഓഫീസിൽ തന്നെ ഏൽപ്പിച്ചു.

19.22 കാരറ്റുള്ള ഈ വജ്രം അടുത്ത ലേലത്തിൽ ഓപ്പൺ ബിഡ്ഡിംഗ് വഴി വിൽപ്പനയ്‌ക്കെത്തുമെന്ന് പന്നയുടെ ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വജ്രത്തിന് കോടിക്കണക്കിന് രൂപ വില വരുമെന്നും അവർ പറഞ്ഞു. സർക്കാർ ചട്ടങ്ങൾ അനുസരിച്ച്, വജ്രങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് 30 ശതമാനം ആദായനികുതിയും 12 ശതമാനം റോയൽറ്റിയും കുറയ്‌ക്കുമെന്നും ബാക്കി തുക തൊഴിലാളിക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.