ന്യൂഡല്‍ഹി: നദിയുടെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകിപ്പോയ വധൂവരന്മാരെ നാട്ടുകാര്‍ രക്ഷിച്ചു. ജീവന്‍ പണയംവച്ച്‌ ഇവരെ രക്ഷപ്പെടുത്തുന്നവരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഞായറാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന നദിയിലേക്ക് പാലത്തില്‍ നിന്ന് കാര്‍ വീഴുകയായിരുന്നു. അര കിലോമീറ്ററോളം ദൂരം കാര്‍ ഒഴുകിപ്പോയി.കാറിലുണ്ടായിരുന്നവര്‍ പുറത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാതി മുങ്ങിയ നിലയില്‍ കാര്‍ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ നദിയിലേക്ക് ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.

ഏറെ പണിപ്പെട്ട് കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് വധൂവരന്മാരെ പുറത്തെടുത്തത്. വടം കെട്ടിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് കാറും കരയിലേക്ക് അടുപ്പിച്ചു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.