കൊളംബോ: വനിതാ ഏഷ്യാകപ്പില്‍ ചരിത്രം കുറിച്ച് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു. ഏഷ്യാകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ് ചമാരി. മലേഷ്യയ്‌ക്കെതിരായ മത്സരത്തിലാണ് ചമാരി ചരിത്രം കുറിച്ചത്.

മലേഷ്യയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങിയ ചമാരി 69 പന്തില്‍ പുറത്താകാതെ 119 റണ്‍സാണ് അടിച്ചുകൂട്ടിയത്. 14 ബൗണ്ടറികളും ഏഴ് കൂറ്റന്‍ സിക്‌സുകളും സഹിതമായിരുന്നു ക്യാപ്റ്റന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. വനിതാ ഏഷ്യാ കപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഇതോടെ ഇന്ത്യന്‍ താരം മിതാലി രാജിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഏഷ്യാ കപ്പില്‍ മിതാലിയായിരുന്നു ഇതുവരെയുള്ള ടോപ് സ്‌കോറര്‍. 2018ല്‍ മലേഷ്യയ്‌ക്കെതിരെ പുറത്താകാതെ മിതാലി അടിച്ചുകൂട്ടിയ 98 റണ്‍സായിരുന്നു ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.