കൊച്ചി: കോവിഡ‍് ഭീതിയിലായിരുന്ന വിദേശത്തുള്ള ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് കൊച്ചിയിലെത്തിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണ്‍. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ സന്ദേശത്തിലാണ് ക്യാപ്റ്റന്‍ അക്കാര്യം വ്യക്തമാക്കിയത്.
“വ്യോമഗതാഗതം നിര്‍ത്തിവച്ച് ഏഴ് ആഴ്ചകള്‍ പിന്നിട്ട ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ വിമാനമാണിത്. അഭിമാന നിമിഷമാണിത്. ബന്ധുക്കളും രാജ്യവും നിങ്ങളെ കാത്തിരിക്കുകയാണ്. എയര്‍ ഇന്ത്യയ്ക്ക് ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാവരും കര്‍ശനമായും സുരക്ഷാ മുന്‍ കരുതലുകളെടുക്കണം”- ക്യാപ്ടന്‍ പറഞ്ഞു.
ഇന്നലത്തെ അബുദാബി- കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 419 ന്റെ ഫസ്റ്റ് ഓഫിസറും കാബിന്‍ ജീവനക്കാരില്‍ 3 പേരും മലയാളികളാണ്. വിമാനത്തിന്റെ ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷെറോണും ഫസ്റ്റ് ഓഫിസര്‍ ക്യാപ്റ്റന്‍ റിസ്‌വിന്‍ നാസറും. ദീപക് മേനോനായിരുന്നു കാബിന്‍ ക്രൂ ഇന്‍ ചാര്‍ജ്. അഞ്ജന ജോണി, റിയങ്ക സന്തോഷ്, ടാഷി ബൂട്ടിയ എന്നിവരായിരുന്നു മറ്റു കാബിന്‍ ക്രൂ അംഗങ്ങള്‍. തീരരക്ഷാ സേനയില്‍ പൈലറ്റായിരിക്കേ രക്ഷാദൗത്യങ്ങളില്‍ പങ്കെടുത്ത അനുഭവ സമ്ബത്തുമായാണ് ക്യാപ്റ്റന്‍ അന്‍ഷുല്‍ ഷിറോങ് ഇന്നലത്തെ ദൗത്യത്തെ നയിച്ചത്. എല്ലാ പ്രവാസികളും തങ്ങളുടെ കുടുംബാംഗങ്ങളാണ്. ഈ ദൗത്യത്തില്‍ വെല്ലുവിളികളുണ്ട്. അതിനെ നേരിടുവാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞു.