ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരികെയെത്തിക്കാന്‍ ലണ്ടനില്‍ നിന്നുളള വിമാന സര്‍വ്വീസിന് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനില്‍ നിന്ന് തിരിക്കുന്ന വിമാനം നാളെ പുലര്‍ച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും. ഇന്നലെ നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും.

ബംഗളാദേശിലെ ധാക്കയില്‍ നിന്ന് ഒരു വിമാനം കൂടി ഇന്ന് ഡല്‍ഹിയിലെത്തും. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്നും വിമാനം മുംബൈയില്‍ എത്തുന്നുണ്ട്. അമേരിക്കയില്‍ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടു വരാനുള്ള ആദ്യ വിമാനം ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങും.

നാളെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നോടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കും. അതേ സമയം അമേരിക്കയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ബെംഗളൂരുവിലേക്ക് ഒരു സര്‍വ്വീസ് വേണം എന്ന ആവശ്യം ശക്തമാണ്. നിലവില്‍, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വ്വീസുകള്‍.

അതേസമയം, ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ന് കേരളത്തില്‍നിന്ന് മൂന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈത്ത്, മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണിത്. കുവൈത്തിലേക്കുള്ള വിമാനം കൊച്ചിയില്‍നിന്നു രാവിലെ പത്തിന് പുറപ്പെടും. ഈ വിമാനം രാത്രി 9.15-ന് കൊച്ചിയില്‍ മടങ്ങിയെത്തും. മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു യാത്രതിരിക്കും. രാത്രി 8.50-ന് തിരിച്ചെത്തും. ദോഹ വിമാനം വൈകീട്ട് നാലിന് പുറപ്പെടും. ഞായറാഴ്ച പുലര്‍ച്ചെ 1.40-ന് മടങ്ങിയെത്തും.

ഞായറാഴ്ച ദോഹയിലെയും ക്വാലാലംപുരിലെയും പ്രവാസികളെ നാട്ടിലെത്തിക്കാന്‍ രണ്ടുവിമാനങ്ങള്‍ പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട്ടുനിന്നു ദോഹയിലേക്കു പറക്കുന്ന വിമാനം രാത്രി 10.45-ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍നിന്നു ക്വാലാലംപുരിലേക്ക് യാത്രതിരിക്കുന്ന വിമാനം രാത്രി 10.45-ന് മടങ്ങിയെത്തും.

ഓരോ വിമാനത്താവളത്തിലും ഇറങ്ങാനുള്ള സ്ലോട്ട് ലഭ്യമാകുന്നതിനനുസരിച്ച്‌ സമയക്രമത്തില്‍ മാറ്റംവന്നേക്കാം. ഓരോ രാജ്യത്തെയും ഇന്ത്യന്‍ എംബസികള്‍ യാത്രക്കാരുടെ മുന്‍ഗണനപ്പട്ടിക തയ്യാറാക്കി വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്

അതിനിടെ, പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന വിമാനങ്ങളില്‍ അതത് രാജ്യങ്ങളിലെ പൗരന്‍മാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചു. ബഹ്‌റൈന്‍, സിങ്കപ്പൂര്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതിയുള്ളത്. ബഹ്‌റൈനിലേക്ക് അവിടത്തെ പൗരന്‍മാരെയും പെര്‍മനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാന്‍ അനുമതിയായി.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്നു ബഹ്‌റൈനിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഏതാനുംപേര്‍ യാത്രതിരിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ബഹ്‌റൈനിലേക്ക് ഒരു വിമാനംകൂടി കേരളത്തില്‍നിന്നുപോകും. അതില്‍ കൂടുതല് യാത്രക്കാരുണ്ടാകും. ഖത്തറിലേക്കുപോകുന്ന വിമാനത്തില്‍ ഖത്തര്‍ പൗരന്‍മാരെ എത്തിക്കാന്‍മാത്രമേ അനുമതിയുള്ളൂ.

സിങ്കപ്പൂരിലേക്കുപോകുന്ന വിമാനത്തില്‍ സിങ്കപ്പൂര്‍ പൗരന്‍മാര്‍ക്കും പെര്‍മനന്റ് റെസിഡന്റ് വിസയുള്ളവര്‍ക്കും ലോങ് ടേം പാസുള്ളവര്‍ക്കും നിബന്ധനകള്‍ക്കുവിധേയമായി യാത്രതിരിക്കാം.