വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സര്‍വീസുകള്‍ എണ്ണം വര്‍ധിപ്പിക്കുന്നു. കൂടുതല്‍ പേര്‍ നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന പശ്ചാത്തലത്തിലാണിത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കും 80 വീതം സര്‍വീസുകള്‍ അധികരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടത്തിലാണ് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ജൂണ്‍ 10 മുതല്‍ മൂന്നാംഘട്ടം ആരംഭിച്ചു. ജൂണ്‍ 30 വരെയാണ് ഇത്രയും വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുക.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ലണ്ടനിലേക്ക് ദിവസം രണ്ടു വിമാനങ്ങളാണ് പോകുക. യൂറോപ്പിലെ മറ്റു കേന്ദ്രങ്ങളിലേക്കും രണ്ട് വിമാനങ്ങള്‍ ദിവസവും സര്‍വീസ് നടത്തുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. അമേരിക്ക-കാനഡ മേഖലയിലേക്ക് നേരത്തെ 70 സര്‍വീസ് ആണ് പ്രഖ്യാപിച്ചത്. ഇത് 80 ആക്കി ഉയര്‍ത്തി. കൂടുതല്‍ ടിക്കറ്റ് വില്‍പ്പന നടക്കുന്ന പശ്ചാത്തലത്തിലാണിത്.
ഇത്തവണ നഗരങ്ങളിലെ ബുക്കിങ് ഓഫീസുകളിലും കാള്‍ സെന്ററുകളിലും ടിക്കറ്റുകള്‍ ലഭിക്കും. ഇന്ത്യയില്‍ ഇതുവരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല. ആഭ്യന്തര സര്‍വീസുകള്‍ മെയ് 25 മുതല്‍ തുടങ്ങിയിരുന്നു. വിദേശത്തേക്ക് പ്രത്യേക സര്‍വീസുകളാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നടത്തുന്നത്.
യുഎഇയില്‍ നിന്ന് 45 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 44ഉം കേരളത്തിലേക്കാണ്. ഒട്ടേറെ മലയാളികള്‍ നാട്ടിലേക്ക് എത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനാലാണ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. കേരളത്തിലേക്കുള്ള വിമാനങ്ങള്‍ കുറവാണെന്ന് നേരത്തെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രശ്‌നം തീരുകയാണ്. ജൂണ്‍ 20 മുതല്‍ 30 വരെയാണ് 44 വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പറക്കുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിന് പുറമെ സന്നദ്ധ സംഘടനകളും ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ ഏര്‍പ്പാടാക്കുന്നുണ്ട്.