എയര്‍ ഇന്ത്യ ലിമിറ്റഡ് യുഎസിലെയും കാനഡയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് 70 വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ജൂണ്‍ 11 മുതല്‍ 30 വരെ സര്‍വ്വീസുകള്‍ നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി തിങ്കളാഴ്ച നടത്തിയ ട്വീറ്റില്‍ പറഞ്ഞു.
ഒറ്റപ്പെട്ടുപോയതും ദുരിതത്തിലായതുമായ ഇന്ത്യക്കാരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി മിഷന്‍ വന്ദേ ഭാരതത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ചേര്‍ക്കുന്നു. 2020 ജൂണ്‍ 11 മുതല്‍ 30 വരെ മിഷന്റെ മൂന്നാം ഘട്ട പ്രകാരം യുഎസ്‌എയിലെയും കാനഡയിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് 70 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് -19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണിനിടയില്‍ ഒറ്റപ്പെട്ട ഇന്ത്യക്കാര്‍ക്ക് പണം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നല്‍കി വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ മെയ് 7 ന്‌ആരംഭിച്ച പദ്ധതിയാണ് വന്ദേ ഭാരത് മിഷന്‍. ഈ ഫ്ലൈറ്റുകളില്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് വിദേശ പൗരന്മാര്‍ക്കും സാധുവായ വിസ ഉടമകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
മിഷന്റെ ആദ്യ ഘട്ടത്തില്‍, എയര്‍ ഇന്ത്യയും അനുബന്ധ കമ്ബനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും മെയ് 7 നും മെയ് 14 നും ഇടയില്‍ 12 രാജ്യങ്ങളില്‍ നിന്ന് 14,800 ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനായി 64 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മിഷന്റെ രണ്ടാം ഘട്ടം മെയ് 16 ന് ആരംഭിച്ചു.സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ടൊറന്റോ, വാന്‍കൂവര്‍, സാന്‍ ഫ്രാന്‍സിസ്കോ, സിഡ്നി, മെല്‍ബണ്‍, റോം, മോസ്കോ, കീവ്, ഫ്രാങ്ക്ഫര്‍ട്ട്, ദുഷാന്‍ബെ, യെരേവാന്‍, അല്‍മാറ്റി, അസ്താന, ലാഗോസ്, ബിഷ്കെക്, വാഷിംഗ്ടണ്‍ ബര്‍മിംഗ്ഹാം, മിന്‍സ്ക്, നരിറ്റ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെയാണ് മൂന്നാം ഘട്ടത്തില്‍ എത്തിക്കുന്നത്