വാഴത്തോപ്പ്: മലയോര മണ്ണിന്റെ വന്ദ്യ പിതാവ് ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു കണ്ണീരോടെ വിട. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ പശ്ചാത്തലത്തില്‍ ചുരുക്കം ആളുകള്‍ മാത്രമാണ് സംബന്ധിച്ചത്. മൃതസംസ്കാര ശുശ്രൂഷയ്ക്കിടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സങ്കടമടക്കാനാവാതെ വിതുമ്പി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ പള്ളിയ്ക്കകത്തു തയ്യാറാക്കിയിരുന്ന കബറിടം വെഞ്ചരിച്ചതിനുശേഷമുള്ള പ്രാര്‍ത്ഥന പുരോഗമിക്കുന്നതിനിടെയാണ് പിതാവ് ശബ്ദം ഇടറി വിതുമ്പി കരഞ്ഞത്.

‘അഭിവന്ദ്യ പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചുകൊള്ളും’ എന്ന പ്രാര്‍ത്ഥന തുടരവേ, ‘അങ്ങയുടെ അദ്ധ്വാനങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും അങ്ങ് സമര്‍പ്പിച്ചിട്ടുള്ള പരിശുദ്ധ കുര്‍ബാനകള്‍ക്കും ദൈവം പ്രതിഫലം നല്‍കട്ടെ’ എന്നു ചൊല്ലിയ സമയത്താണ് പിതാവ് കണ്ണീരടക്കാനാവാതെ വിതുമ്പിയത്. ഏതാനും നിമിഷങ്ങള്‍ക്കുശേഷം വിങ്ങിയ ഹൃദയവുമായി ദുഃഖമൊതുക്കി അദ്ദേഹം ആശീര്‍വാദം നല്‍കുകയായിരുന്നു.

നേരത്തെ സംസ്കാരശുശ്രൂഷകൾ 2.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രൽ പള്ളിയിൽ ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ മാത്യു അറയ്ക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ സഹകാർമ്മികരായി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ബാച്ചുകാരൻ തന്നെയായ മാർ മാത്യു അറയ്ക്കൽ അനുശോചന സന്ദേശം നൽകി. ലൈവ് സ്ടീമിങ്ങിലൂടെ പതിനായിരങ്ങളാണ് അന്തിമശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചത്.