കാലടിയില്‍ ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് ഹിന്ദുത്വ സംഘടന നശിപ്പിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളമെന്നും സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ സെറ്റ് കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ക്ഷേത്രത്തിന് മുന്നിലാണ് ക്രിസ്ത്യന്‍ പളളിയുടെ സെറ്റ് ഇട്ടതെന്ന് ആരോപിച്ചായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. സെറ്റ് തകര്‍ക്കുന്ന ചിത്രങ്ങള്‍ എഎച്ച്‌പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

‘അടുത്ത കാലത്തായി ചില വര്‍ഗീയ ശക്തികള്‍ വര്‍ഗീയ വികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് മുമ്ബ് ചില സ്ഥലങ്ങളില്‍ ഷൂട്ടിങ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.സിനിമ പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഒരു വിഭാഗം വര്‍ഗീയ ശക്തികളാണ് ഇത്തരം പ്രവണതകളുമായി രംഗത്തു വന്നിട്ടുള്ളത്’, മുഖ്യമന്ത്രിയെ ഉദ്ധരിച്ചു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് ആക്രമിക്കപ്പെട്ടത്….എഎച്ച്‌പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടത്‌? ഈ വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല, കേരളം എന്നവര്‍ ഓര്‍ക്കണം.ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവും’, പിണറായി വിജയന്‍ വ്യക്തമാക്കി.

ഞായറാഴ്ചയാണ് കാലടി മണപ്പുറത്തെ സെറ്റ് കൂടം ഉപയോഗിച്ചും ഇരുമ്ബുവടികളുമായും രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. ചിത്രത്തിന്‍്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മ്മാതാവ് അറിയിച്ചു. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.