തിരുവനന്തപുരം : വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടിയുടെ അമ്മയും അച്ഛനും സെക്രട്ടറിയേറ്റിനു മുന്നിൽ അനുഷ്ഠിച്ച സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായി മഹിള മോർച്ച. സംസ്ഥാന ജനറൽ സെക്രട്ടറി രാഖേന്ദുവിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമര സ്ഥലത്തെത്തി.

വാളയാറിൽ 13 വയസുമാത്രം പ്രായമുള്ള മൂത്തപെൺകുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടപ്പോൾ കൃത്യമായി പോലീസ് അന്വേഷിച്ചിരുന്നുവെങ്കിൽ ആ അമ്മയ്ക്ക് രണ്ടാമത്തെ പെൺകുട്ടിയെ നഷ്ടമാകില്ലായിരുന്നു എന്നും സിപിഎം പ്രവർത്തകരായിട്ടുള്ള പ്രതികളെ സംരക്ഷിക്കാൻ വേണ്ടി 9 വയസുള്ള രണ്ടാമത്തെ പെൺകുട്ടിയുടെ ജീവനും നഷ്ടപ്പെടുത്തിയത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാഖേന്ദു പറഞ്ഞു.

മഹിള മോർച്ച തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ജയരാജീവ്, ജില്ല വൈസ് പ്രസിഡൻ്റ് സന്ധ്യ ശ്രീകുമാർ, തിരുവനന്തപുരം മണ്ഡലം ജനറൽ സെക്രട്ടറി റാണി, മണ്ഡലം സെക്രട്ടറി ശശികല എന്നിവർ പങ്കെടുത്തു.