വിവിധ ജില്ലകളില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്നതിനിടയില്‍ കേരളത്തില്‍ ഏഴ് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചിരിക്കുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ അറിയിപ്പ്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്ബ , കബനി, വളപട്ടണം, കുറ്റിയാട്ടി എന്നീ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നിറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ വ്യാപകമായി ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ കഴിഞ്ഞ് മഴയുടെ ശക്തി കുറയാനാനാണ് സാധ്യത. എന്നാല്‍, കാറ്റിന്റെ വേഗതയും മാറ്റവും അനുസരിച്ച്‌ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ബുധനാഴ്ച്ച ശേഷവും കേരളത്തില്‍ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.