പത്തനംതിട്ട: മേടമാസ പൂജകള്‍ക്കും വിഷു ഉത്സവത്തിനുമായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. ലോക്ക്ഡൗണ്‍ കണക്കിലെടുത്തു ശബരിമലയിലേക്കു പൂജാ സമയത്ത് ഭക്തര്‍ക്കു പ്രവേശനമില്ല. ഇന്നു വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്നു ദീപങ്ങള്‍ തെളിക്കും.
വിഷു ദിനമായ നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കും. ശേഷം പതിവ് അഭിഷേകം, മണ്ഡപത്തില്‍ ഗണപതിഹോമം. ഭക്തര്‍ക്ക് ആര്‍ക്കും തന്നെ പ്രവേശനം ഇല്ലാത്ത സാഹചര്യത്തില്‍ ക്ഷേത്ര തിരുനട അടയ്ക്കുന്ന സമയത്തിലും തുറക്കുന്ന സമയത്തിലും ചില ക്രമീകരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയിട്ടുണ്ട്. പുലര്‍ച്ചെ നട തുറന്നാല്‍ ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് രാവിലെ 10ന് നട അടയ്ക്കും. വൈകുന്നേരം അഞ്ചിനു നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.
നട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളില്‍ പ്രത്യേക പൂജകളായ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.
അയ്യപ്പഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ മുതല്‍ 18വരെ നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന,സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ വവഴിപാടുകള് ഭക്തര്‍ക്ക് www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി കാണിക്ക അര്‍പ്പിക്കുന്നതിനും അന്നദാന സംഭാവന നല്കുന്നതിനുമുള്ള സൗകര്യം ഉള്‍ക്കൊള്ളിക്കും. അന്നദാന സംഭാവനകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. കാണിക്ക ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി സമര്‍പ്പിക്കാം.