ന്യൂഡൽഹി: കൊറോണക്കാലത്ത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും തെരുവിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്ക് വിതരണം ചെയ്യാൻ മലങ്കര സഭയുടെ ഗുരുഗ്രാം രൂപത ഒരുക്കിയിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ അനേകർക്ക് ആശ്വാസമാകുന്നു. ഭക്ഷണപ്പൊതികൾ തയാറാക്കി ആവശ്യക്കാർക്ക് എത്തിക്കുന്ന കിച്ചണിൽ രൂപതാ അധ്യക്ഷൻ ബിഷപ് ജേക്കബ് മാർ ബർണബാസ് നിത്യസാന്നിധ്യമാണ്. സഹായിക്കാനായി ദീപിക ഡൽഹി ബ്യൂറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിലും എത്താറുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതൽ 60 ദിവസങ്ങളായി ദിനംപ്രതി ആയിരം പേർക്ക് മുടങ്ങാതെ ഭക്ഷണം വിതരണം ചെയ്തുവരുന്നു. അരി, ഗോതന്പ്, എണ്ണ പയറുവർഗങ്ങൾ എന്നിവ നഗരത്തിലെ വിവിധ ചേരി പ്രദേശങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. സർക്കാരിന്റെ സഹായം ഇല്ലാതെ സുമനസുകളുടെ സഹായത്താലാണ് ഇവയെല്ലാം നടത്തുന്നത്.