വാഷിംഗ്ടണ്‍ ഡിസി: കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്വന്തം വീട്ടുമുറ്റത്ത് കുരിശുകള്‍ സ്ഥാപിക്കുവാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഏറ്റെടുത്ത് അമേരിക്കയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍. മധ്യ ജോര്‍ജ്ജിയയില്‍ ആരംഭിച്ച ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ പ്രചാരണം ഇതിനോടകം തന്നെ ഏറ്റവും ചുരുങ്ങിയത് ആറോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷയുടേതായ ഈസ്റ്റര്‍ സന്ദേശം പ്രചരിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങളാണ് തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കുരിശുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
ജോര്‍ജ്ജിയ, കെന്റക്കി, ഒഹിയോ, ലൂയിസിയാന, അര്‍കന്‍സാസ്, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും കുരിശില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് പ്രചാരണ പരിപാടിയെ ഏറ്റെടുത്തിരിക്കുന്നത്. ‘ഫെയിത്ത് ഓവര്‍ ഫിയര്‍’ (ഭയത്തിന് മേലെ വിശ്വാസം) എന്നതിനെ ചിലര്‍ ‘ഫെയിത്ത് നോട്ട് ഫിയര്‍’ (ഭയമല്ല വിശ്വാസം) എന്നും വിളിക്കുന്നുണ്ട്. ക്രിസ്തുമസ് അലങ്കാര ലൈറ്റുകള്‍ കൊണ്ട് കുരിശുകള്‍ അലങ്കരിക്കുന്നവരും നിരവധിയാണ്.
‘ഭയത്തേക്കാള്‍ വിശ്വാസം എപ്പോഴും ശക്തമാണെന്ന പ്രതീക്ഷയും ഉറപ്പും കൈവരുത്തുവാന്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് ഒരു കുരിശ് സ്ഥാപിക്കുവിന്‍’ എന്ന് മിഡില്‍ ജോര്‍ജ്ജിയയിലെ വിശ്വാസികള്‍ രൂപീകരിച്ച ഫെയിത്ത് ഓവര്‍ ഫിയര്‍ ക്രോസിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അര്‍കന്‍സാസ്, ലൂയിസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിശ്വാസികളും സമാനമായ ഫേസ്ബുക്ക് പേജുകള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ കുടുംബങ്ങള്‍ സ്ഥാപിച്ച കുരിശ് രൂപങ്ങളുടെ ചിത്രങള്‍ പങ്കുവെക്കുന്നുണ്ട്.