റോം: ഇറ്റലിയെ പിടിച്ചു കുലുക്കിയ മഹാമാരിയുടെ പശ്ചാത്തലത്തില്‍ താന്‍ അദ്ധ്യക്ഷനായ റോമാരൂപതയിലെ ക്ലേശിക്കുന്ന ജനങ്ങളെ സഹായിക്കുവാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതിക്ക് ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്‍റെ സംഭാവനയായി 10 ലക്ഷം യൂറോ (8.60 കോടി രൂപ) റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ഡൊണാറ്റിസിനെ പാപ്പ എല്പിച്ചു. തൊഴിലില്ലായ്മയും, സാമ്പത്തികമാന്ദ്യവും, ഇതര സാമൂഹീക പ്രതിസന്ധികളും മൂലം ഇക്കാലഘട്ടത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വിഷമിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാന്‍ വേണ്ടിയാണ് പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ഫ്രാന്‍സിസ് പാപ്പ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊഴിലിന്‍റെ മാഹാത്മ്യവും അന്തസ്സും, തൊഴില്‍ചെയ്ത് ജീവിക്കേണ്ടതിന്‍റെ ആവശ്യകതയും ഗുണഭോക്താക്കളെയും ഫണ്ട് കൈകാര്യംചെയ്യുന്നവരെയും ഒരുപോലെ ഓര്‍മ്മിപ്പിക്കുവാനാണ്, ‘യേശു ദിവ്യനായ തൊഴിലാളി’ എന്ന പേരില്‍ ഉപവി പദ്ധതി ആസൂത്രണം ചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു പാപ്പ വിശദീകരിച്ചു. വിസ്തൃതമായ റോമാനഗരത്തിലെ കുടുംബങ്ങളുടെ ക്ലേശങ്ങള്‍ മനസ്സിലാക്കുന്ന പാപ്പ, ഫണ്ടിലേയ്ക്ക് ഉദാരമായി ഇനിയും സംഭാവനചെയ്യണമെന്ന് റോമിലെ സ്ഥാപനങ്ങളോടും പ്രസ്ഥാനങ്ങളോടും വ്യക്തികളോടും, വൈദികരുടെയും സന്ന്യസ്തരുടെയും കൂട്ടായ്മകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജൂണ്‍ 8ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
കൊറോണയുടെ കെടുതിയില്‍ സര്‍ക്കാരിന്‍റെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകാതെ ക്ലേശിക്കുന്നവരിലേയ്ക്ക് കൂടുതല്‍ ശ്രദ്ധതിരിക്കണമെന്നും ഫണ്ടിനോടൊപ്പം കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന് അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നുണ്ട്. സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിന്‍റെ റോമാ കേന്ദ്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നേരത്തെ കൊറോണ പകര്‍ച്ചവ്യാധി ബാധിച്ച ലോകമെമ്പാടുമുള്ള മിഷന്‍ പ്രദേശങ്ങളുടെ സഹായത്തിനായി ഫ്രാന്‍സിസ് പാപ്പ മറ്റൊരു അടിയന്തര കൊറോണ സഹായ നിധിയ്ക്കു രൂപം നല്‍കിയിരിന്നു. ആദ്യ സംഭാവനയായി 7,50,000 ഡോളര്‍ ആണ് പാപ്പ ഇതിനായി നല്‍കിയത്.