ഇന്നലെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്ര കുമാറിന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെ അന്ത്യം സംഭവിച്ചു. ഭൌതിക ശരീരം ചാലപ്പുറത്തെ വീട്ടിലെത്തിച്ചു.
പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ടി. സിദ്ദീഖ്, പി.വി ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടു പോകും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ എവിടെയും പൊതുദര്‍ശനമുണ്ടാകില്ല.