ന്യൂയോര്‍ക്ക്: പ്രസിദ്ധ ബാസ്‌ക്കറ്റ് ബോള്‍ താരം കോബി ബ്രയാന്റെ ഹെലികോപ്റ്റര്‍ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ബ്രയാന്റും മകള്‍ ഗിയാനയുമടക്കം 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. വീഴ്ചയുടെ ആഘാതത്തിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.
180 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഹെലികോപ്റ്ററിന്റെ വൈമാനികന്‍ 50 വയസ്സുകാരനായ ആറാ സോബയാന്‍ യാതൊരു വിധത്തിലുള്ള മദ്യമോ മരുന്നുകളോ ആ സമയം ഉപയോഗിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗിയാനയുടെ കൂടെ ബാസ്‌ക്കറ്റ് ബോള് കളിക്കുന്ന രണ്ടു കൂട്ടുകാരും അവരുടെ ബന്ധുക്കളും ഒരു പരിശീലകനുമടക്കമാണ് വിമാന ദുരന്തത്തിനിരയായത്. തൗസന്റ്‌സ് ഓക് എന്ന സ്ഥലത്തേക്ക് ഒരു മത്സരത്തില്‍ പങ്കെടുക്കാനായി പ്രത്യേകം ഒരു ഹെലികോപ്റ്റര്‍ ബ്രയാന്റ് വാടകക്കെടുക്കുകയായിരുന്നു. ജനുവരി 28നാണ് അപകടം സംഭവിച്ചത്.
അഞ്ചു തവണ എന്‍ബിഎ ചാമ്ബ്യനെന്ന നിലയില്‍ ലോക പ്രശസ്തനായ ബാസ്‌ക്കറ്റ്‌ബോള്‍ താരമായിരുന്നു ബ്രയാന്റ്. 2016 ഏപ്രില്‍ മാസം പ്രൊഫഷണല്‍ ലീഗില്‍ നിന്നും വിരമിച്ചതാരം 20 വര്‍ഷം കളിക്കളത്തില്‍ നിറഞ്ഞുനിന്നു. ബ്രയാന്റിന്റെ ഭാര്യ വനേസാ ബ്രയാന്റ് ഹെലികോപ്റ്റര്‍ കമ്ബനിക്കെതിരെ നല്‍കിയ പരാതിയിലാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. പറക്കുന്നതിന് മുമ്ബ് മനസ്സിലാക്കേണ്ട കാലാവസ്ഥാ വിവരങ്ങള്‍ ഹെലികോപ്റ്റര്‍ പൈലറ്റ് നോക്കിയിരുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.