പത്തനംതിട്ട:കൊറോണ വ്യാപന സാഹചര്യത്തില്‍ ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചു. നട വെള്ളിയാഴ്ച തുറക്കും. തുലാമാസ പൂജയ്ക്ക് വേണ്ടിയാണ് ശബരിമല നട തുറക്കുന്നത്. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ ഒരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍ അനുമതി നല്‍കിയതില്‍ പന്തളം കൊട്ടാരവും അതൃപ്തി അറിയിച്ചു.
കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. അതുപോലെ 48 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ സബ്‌സിഡി നിരക്കില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീര്‍ഥാടകര്‍ക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.