വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളിൽ നിന്നും കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ഓഫീസിന്റെ അറിയിപ്പിൽ പറയുന്നു. ഗ്രീൻ ബ്രയർ കൗണ്ടി, ജെഫർസണ്‍ കൗണ്ടി, ബൂണ്‍ കൗണ്ടി, ഹാംഷെയർ കൗണ്ടി, മാർഷൽ കൗണ്ടി തുടങ്ങിയ കൗണ്ടികളിൽ ഉൾപ്പെടുന്ന ദേവാലയങ്ങൾ ആരാധന ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണം വർധിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹൂമണ്‍ റിസോഴ്സസ് പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടികാണിച്ചിട്ടുണ്ട്.
പല ദേവാലയങ്ങളിൽ നിന്നായി 79 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചർച്ച് അധികൃതർ സുരക്ഷാ നിർദേശങ്ങൾ കാര്യമായി എടുക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും, ചർച്ചിലെ അംഗങ്ങൾക്കു ആവശ്യമായ സംരക്ഷണം നൽകുന്നതിൽ ചുമതലക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
പള്ളികളിൽ ആരാധനയ്ക്കായി എത്തുന്നവരിൽ ഭൂരിഭാഗവും പ്രായം കൂടിയവരാണെന്നും അവർക്ക് രോഗവ്യാപനത്തിനുള്ള സാധ്യതകൾ വളരെയാണെന്നും അതുകൊണ്ടു തന്നെ കർശന നിയന്ത്രണം പാലിക്കണമെന്നും ഗവർണർ ജിം ജസ്റ്റിസ് പറഞ്ഞു. വെസ്റ്റ് വെർജീനിയ നാഷനൽ ഗാർഡ് ചർച്ചുകൾ ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഗവർണർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ