റോം: വൈറസ് നമ്മെ പ്രാര്‍ത്ഥനയില്‍ നിന്നും പിന്‍തിരിപ്പിക്കില്ലെന്ന് രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ മോഡറേറ്റര്‍, ഷോണ്‍ ലൂക്ക് മോയന്‍സ്. പന്തക്കൂസ്താനാളില്‍ രൂപീകരിച്ച രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനം കാരിസിന്‍റെ വാര്‍ഷിക സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രാര്‍ത്ഥനയെ വൈറസ് തടസ്സപ്പെടുത്തുകയില്ലായെന്നും ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ലോകം പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ഐക്യപ്പെടുന്ന അനുഭവമാണ് മാര്‍പാപ്പ ലോകത്തിനു പകര്‍ന്നു നല്കുന്നതെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.
മുന്‍പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രഥമ വാര്‍ഷികം പെന്തക്കൂസ്ത നാളില്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ജനതകളെയും വീടുകള്‍ക്കുള്ളില്‍ അടച്ചു പൂട്ടിയിരിക്കാന്‍ നിര്‍ബന്ധിക്കുകയും, സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും, ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും, പാവങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തുകയും, കൂടുതല്‍ അനാഥരെ സൃഷ്ടിക്കുകയും ചെയ്തൊരു അവസ്ഥയാണിന്ന്.
ദേശീയ തലത്തിലോ, രൂപതാതലത്തില്‍പ്പോലും പ്രാര്‍ത്ഥനയില്‍ സമ്മേളിക്കുവാന്‍ സാധിക്കാത്തൊരു അവസ്ഥയാണിതെങ്കിലും, എവിടെയും അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍പ്പോലും ദൈവവുമായി ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുവാനാകും. സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം പ്രഥമ വാര്‍ഷികനാളിലെ പന്തക്കൂസ്തയുടെ അരുപിയില്‍ ഐക്യപ്പെട്ട് ലോകത്തിന്‍റെ സമാധാനത്തിനുവേണ്ടിയും, മഹാമാരിയില്‍നിന്നുള്ള മുക്തിക്കുവേണ്ടിയും, സഭയ്ക്കുവേണ്ടിയും ഈ ആഗോള പ്രതിസന്ധിയുടെ മധ്യത്തില്‍ ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു.
ആഗോള കത്തോലിക്ക സഭയുടെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് ഐക്യരൂപം നല്‍കാന്‍ 2018-ലാണ് ഫ്രാന്‍സിസ് പാപ്പ ‘കാരിസ്’ സംഘടന സ്ഥാപിച്ചത്. പാപ്പ നടപ്പില്‍ വരുത്തുന്ന സഭാനവീകരണ പദ്ധതിയുടെ ഭാഗമായിട്ടായിരിന്നു ഇത്. രാജ്യാന്തര മോഡറേറ്ററും ആഗോളതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളുമാണ് സംഘടനയില്‍ ഉള്‍പ്പെടുന്നത്. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കുറുവിലങ്ങാട് സ്വദേശിയാണ്.