• ഡോ.ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: മരണത്തിന്റെ തോത് 78,639 തിലേക്ക് കടന്ന ദിവസം തന്നെ പതിമൂന്നു ലക്ഷം പേര്‍ക്ക് കൂടി പകര്‍ച്ചവ്യാധി പിടിപെട്ടിരിക്കുന്നു. അതായത്, 1,323,078 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 223,876 പേരുടെ രോഗം ഭേദമായി. 16,917 പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, കോവിഡ് 19 നെതിരേയുള്ള വാക്‌സിനേഷന്റെ കാര്യത്തിലും പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിന്റെയും കാര്യത്തില്‍ ചര്‍ച്ചകള്‍ രാഷ്ട്രീയമായി വഴിതെറ്റുന്നുവെന്നതാണ് പുതിയ വാര്‍ത്ത. പലേടത്തും കൊറോണയ്‌ക്കെതിരേ മരുന്നു കണ്ടെത്താന്‍ കഴിയാത്തതിന്റെ സമ്മര്‍ദ്ദത്തിലാണ് ആശുപത്രികളെന്നാണു സൂചന. ഇതാണ് കിഴക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ തുറക്കാനാവാത്തതിന്റെ പിന്നലെ പ്രതിസന്ധിയും.

മൂന്ന് ആന്റിവൈറല്‍ മരുന്നുകളുടെ സംയോജനത്തിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ട്രിപ്പിള്‍ ഡ്രഗ് തെറാപ്പി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയിലെ വിവിധ ആശുപത്രികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കൊറോണ വൈറസ് അണുബാധകളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ രോഗികളെ ഇതു സഹായിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചു. സമീപനത്തിന് കൂടുതല്‍ പരിശോധന ആവശ്യമാണെങ്കിലും സാധ്യമായ മറ്റൊരു ചികിത്സാ രീതിയായിരിക്കുമെന്ന് അവര്‍ പറയുന്നു. ഹോങ്കോങ്ങിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു രീതി അവലംബിക്കാന്‍ ന്യൂയോര്‍ക്ക് തയ്യാറായത്.

കോവിഡ് 19 പരിശോധനയ്ക്കുള്ള കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ തുറക്കുകയും വീട്ടില്‍ തന്നെ കോവിഡ് 19 പരിശോധന നടത്താനുള്ള അനുമതിയും ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഈ അനുവദാം നല്‍കിയിരിക്കുന്നത്. അടിയന്തരസാഹചര്യത്തില്‍ വീട്ടില്‍നിന്നും ഉമിനീര്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കാനുള്ള സൗകര്യം ഇതോടെ രോഗലക്ഷണം കാണിക്കുന്നവര്‍ക്ക് ലഭ്യമായി. പ്രായമായവരെയും കുട്ടികളെയുമായി ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന്റെ വൈഷമ്യം നേരത്തെ തന്നെ പരാതിക്കിട നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് അവരുടെ ഉമിനീര്‍ വീട്ടില്‍ ശേഖരിക്കാനും ഫലങ്ങള്‍ക്കായി സാമ്പിളുകള്‍ ഒരു ലാബിലേക്ക് അയയ്ക്കാനും ഇതോടെ കഴിയും.

സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് അമേരിക്കക്കാര്‍ വീണ്ടും പ്രതിഷേധമുയര്‍ത്തുന്നു. അടഞ്ഞു കിടക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ന്യൂജേഴ്‌സിയില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. ബീച്ചുകള്‍ തുറക്കാത്തതും ഷോപ്പിങ്ങിന് നിയന്ത്രണങ്ങള്‍ നല്‍കുന്നതുമുള്‍പ്പെടെയുള്ള നരകയാതന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. മറ്റ് അടഞ്ഞു കിടക്കുന്ന സംസ്ഥാനങ്ങളിലും ബിസിനസുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ദിവസങ്ങളായി തെരുവിലിറങ്ങുന്നുണ്ട്. ഏതാണ്ട് എല്ലാവരും ഈ ആഴ്ച നിയന്ത്രണങ്ങള്‍ നീക്കാന്‍ തുടങ്ങിയപ്പോള്‍, പ്രശ്‌നം കൂടുതല്‍ മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. മൂന്നില്‍ രണ്ട് അമേരിക്കക്കാരും തങ്ങളുടെ സംസ്ഥാനങ്ങള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്നും മൂന്നിലൊന്ന് സംസ്ഥാന നിയന്ത്രണങ്ങള്‍ വേണ്ടത്ര വേഗത്തില്‍ നീക്കം ചെയ്യുന്നില്ലെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേയില്‍ പറയുന്നു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്വകാര്യ സഹായികളിലൊരാള്‍ക്കും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്കും ഇവാങ്ക ട്രംപിന്റെ (വിദൂര) പേഴ്‌സണല്‍ അസിസ്റ്റന്റും കോവിഡ് 19 പോസിറ്റിവായത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. വാഷിങ്ടണ്‍ ഡിസിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും, വൈറ്റ് ഹൗസിലെ പോസിറ്റീവ് ടെസ്റ്റുകള്‍ അമ്പരപ്പിക്കുന്നതാണ്. ദിവസേന കോവിഡ് പരിശോധനയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞുവെങ്കിലും സുരക്ഷിതമേഖലയില്‍ പോലും കോവിഡ് നുഴഞ്ഞുകയറിയതാണ് ആശങ്കയ്ക്ക് ഇടനല്‍കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റ് ഹൗസിലെ കൂടുതല്‍ പേര്‍ക്ക് വൈറസ് പോസിറ്റീവായിരുന്നു.

അതേസമയം, യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ ആഘാതത്തില്‍ ആശങ്ക വേണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ സ്ഥിതിഗതികള്‍ തിരികെ വരുമെന്നുമാണ് വൈറ്റ്ഹൗസ് പറയുന്നത്. ഹോട്ടല്‍ ഇന്‍ഡസ്ട്രി, ടൂറിസം ഇന്‍ഡസ്ട്രി അടക്കം അമേരിക്കന്‍ ജനതയുടെ ആഡംബര ബിസിനസുകള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ കുറഞ്ഞത് നാലു വര്‍ഷങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ക്രൂയിസ് ഷിപ്പുകള്‍ അടക്കം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ വിവര സാങ്കേതികമായി നഷ്ടം നികത്താന്‍ കഴിയുമോയെന്നാണ് രാജ്യത്തെ സാമ്പത്തികാസൂത്രണ വിദഗ്ധര്‍ ആലോചിക്കുന്നത്. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശമായ പ്രതിമാസ തകര്‍ച്ചയാണ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഇത് അമേരിക്കയുടെ മാത്രം പ്രശ്‌നമല്ലെന്നും ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇത്തരമൊരു അവസ്ഥയെ പ്രതിനിധികരിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.