ഛണ്ഡീഗഢ്​: സര്‍ക്കാര്‍ ജോലിക്കിടയിലെ വ്യക്തി സുരക്ഷ വിഷയം ഉയര്‍ത്തിക്കാട്ടി ഹരിയാന കേഡര്‍ 2014 ബാച്ച്‌​ ഐ.എ.എസ്​ ഓഫിസര്‍ രാജിവെച്ചു. സാമൂഹിക നീതി വകുപ്പില്‍ അഡീഷനല്‍ ഡയറക്​ടറായി ​ജോലി​ചെയ്യുന്ന റാണി നഗറാണ്​ ഹരിയാന ചീഫ്​ സെക്രട്ടറി കേശാനി ആനന്ദ്​ അറോറക്ക്​ രാജി സമര്‍പ്പിച്ചത്​.

രാജിയുടെ പകര്‍പ്പ്​ രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജോലിക്കിടയില്‍ വ്യക്തിസുരക്ഷക്ക്​ പ്രധാന്യം നല്‍കാന്‍ കഴിയുന്നില്ലെന്ന്​ രാജിക്കത്തില്‍ പറയുന്നു. ജോലിക്കിടെ സുരക്ഷ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാണി രാജി നല്‍കിയത്. സുരക്ഷ ഭീഷണി മൂലം ജോലിയില്‍ തുടരാനാകില്ലെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് റാണി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തന്‍റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി പറയുന്നു.

കൂടാതെ ലോക്​ഡൗണിന്​ ശേഷം സ്വന്തം നാടായ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദി​ലേക്ക്​ മടങ്ങിപോകണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ഛണ്ഡീഗഢില്‍ സഹോദരിക്കൊപ്പമാണ്​ ഇവര്‍ താമസിക്കുന്നത്​. 2018 ജൂണില്‍ മുതിര്‍ന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥനെതിരെ പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ ആരോപണം നിഷേധിക്കുകയായിരുന്നു.