കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ ഇന്ന് കൊച്ചിയില്‍ പറന്നിറങ്ങും. അബുദാബി, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറത്തുന്നത് മലയാളികള്‍. കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റന്‍ ആല്‍ബി തോമസ്(33) ആണ് ഖത്തര്‍ വിമാനം പറത്തുന്നത്. എറണാകുളം സ്വദേശി ക്യാപ്റ്റന്‍ റിസ്വിന്‍ നാസര്‍ (26) ആണ് അബുദാബി വിമാനം പറത്തുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് കുന്നപ്പള്ളിയുടെയും എല്‍സമ്മയുടെയും പുത്രനാണ് ആല്‍ബി തോമസ്. എറണാകുളം ചുള്ളിക്കല്‍ തറപ്പറന്പില്‍ മുഹമ്മദ് നാസറിന്‍റെയും ജിലൂനയുടെയും പുത്രനാണ് റിസ്വിന്‍. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൈലറ്റുമാര്‍ക്കും എയര്‍ഹോസ്റ്റസ്, എയര്‍ ബോയ്സ് ടീമിലെ 12 പേര്‍ക്കും കോവിഡ് പ്രാഥമിക പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇരു വിമാനങ്ങളിലെയും ജീവനക്കാരും മലയാളികളാണ്. കോവിഡ് പ്രതിരോധ സ്യൂട്ട് ധരിച്ചാണ് പൈലറ്റുമാര്‍ വിമാനം പറത്തുക. യാത്രക്കാര്‍ പ്രവേശിക്കും മുന്‍പ് പൈലറ്റ്മാര്‍ കോക്പിറ്റില്‍ കാബിന്‍ അടച്ചു സുരക്ഷിതരായിരിക്കും. അതീവ ജാഗ്രതയോടെയാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. മലയാളികള്‍ നയിക്കുന്ന വിമാന ടീമിന് ജില്ലാ കളക്ടര്‍ ആശംസകള്‍ അറിയിച്ചിരുന്നു.