കൊച്ചി: പ്രവാസികളെ തിരികെയെത്തിക്കാനുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽനിന്നു പുറപ്പെട്ടു. ക്യാപ്റ്റൻ അനുഷുൽ ഷിയോരന്റെ നേതൃത്വത്തിലുള്ള വിമാനത്തിൽ ദീപക് മേനോൻ, അഞ്ജന ജോണി, സന്തോഷ് റിയാങ്ക, ഭൂട്ടിയ താഷി എന്നിവർ അടങ്ങുന്ന കാബിൻ ക്രൂ ആണുള്ളത്.
രാത്രി 9.40-ന് യാത്രക്കാരെയും കൊണ്ട് അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ തിരിച്ചെത്തും. വിമാനത്തിൽ 179 യാത്രക്കാരുണ്ടാകും. യാത്രക്കാർ നൽകേണ്ട സത്യവാങ്മൂലമുൾപ്പെടെയുള്ള ഫോറങ്ങൾ വിമാനത്തിന്റെ അങ്ങോട്ടുള്ള യാത്രയിൽ കൊടുത്തുവിടും.
കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുള്ളിൽ എട്ട് വിമാനങ്ങൾ ഉപയോഗിച്ച് 14 സർവീസുകളാണു കൊച്ചി ആസ്ഥാനമായ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. വ്യാഴാഴ്ച മുതൽ 13 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ 2478 പ്രവാസികളാണ് തിരിച്ചെത്തുക.