അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനും മാനേജരുമായ ശന്തനു നായിഡുവിന് താക്കോൽ സ്ഥാനത്തേക്ക് നിയമനം. ടാറ്റാ മോട്ടോഴ്‌സിൽ ജനറൽ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സ് മേധാവിയുമായാണ് ശന്തനുവിനെ നിയമിച്ചിരിക്കുന്നത്. തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ ശന്തനു ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
കമ്പനിയുമായുള്ള തന്റെ വ്യക്തി ബന്ധത്തെക്കുറിച്ചും പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ ടാറ്റ മോട്ടോഴ്‌സ് പ്ലാന്റിൽ നിന്ന് വെള്ള ഷർട്ടും നേവി പാന്റും ധരിച്ച് വരുമ്പോൾ ജനാലയ്‌ക്കരികിൽ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കുന്നത് എനിക്ക് ഓർമ്മയുണ്ടെന്ന് ശന്തനു പറഞ്ഞു. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്ന ടാറ്റ നാനോ കാറിനൊപ്പമുള്ള ഫോട്ടോയും ശന്തനു പങ്കുവെച്ചിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ കപ്പ് കേക്കിന് മുൻപിൽ ബർത്ത് ഡേ ആഘോഷിച്ച ഒരു ദൃശ്യം പുറത്ത് വന്നതോടെയാണ് ശന്തനുവിനെ കുറിച്ച് ആളുകൾ അന്വേഷിച്ച് തുടങ്ങിയത്. ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റും, ബിസിനസ് ജനറൽ മാനേജരുമായാണ് 29കാരനായ ശന്തനു പ്രവർത്തിച്ചത്.
പൂനെയിൽ ജനിച്ചു വളർച്ച ശന്തനു, 2014ൽ സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം സ്വന്തമാക്കി. 2016ൽ കോർണൽ ജോൺസൺ ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. പഠനം പൂർത്തിയാക്കിയ ശേഷം ടാറ്റ എൽക്സിയിൽ ഓട്ടോമൊബൈൽ ഡിസൈൻ എഞ്ചിനീയറായാണ് കരിയറിന് തുടക്കമിടുന്നത്.