തിരുവനന്തപുരം: ശബരിമലയിലെ മെഡിക്കൽ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന. ശബരിമല മണ്ഡല വിളക്ക് ഡ്യൂട്ടിയിൽ നിന്നും ആരോഗ്യ വകുപ്പിലെ ഡോക്ടർമൊരെയും ജീവനക്കാരെയും ഒഴിവാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സർക്കാർ ഡോക്ടർമാരുടെ സംഘടന കത്ത് നൽകി.

നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ടർമാർ കുറവാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ശബരിമല ഡ്യൂട്ടിയ്ക്ക് നിയോഗിച്ചാൽ അത് പ്രതിരോധ നടപടികളെ ബാധിക്കും. അതിനാൽ തന്നെ ശബരിമലയിലെ മെഡിക്കൽ ഡ്യൂട്ടിയ്ക്ക് പകരം സംവിധാനം കാണണമെന്നാണ് സംഘടനാ നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.