എന്തു രോ​ഗം സ്ഥിരീകരിക്കുംമുമ്പും ശരീരം പല ലക്ഷണങ്ങൾ പ്രകടമാക്കും. പലപ്പോഴും അത്തരം ലക്ഷണങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ് മിക്കയാളുകളും. തൽഫലമായി നേരത്തേ ചികിത്സിച്ച് ഭേദമാക്കാനാവുന്ന പലരോ​ഗങ്ങളും വൈകിയവേളയിൽ മാത്രമാകും തിരിച്ചറിയുക. ഇത്തരം ഒരനുഭവം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് മാരത്തൺ റണ്ണർ എന്നനിലയിൽ ശ്രദ്ധേയനായ ​ഗോവിന്ദ് സന്ദു. കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ചാണ് ​ഗോവിന്ദ് ഇൻസ്റ്റ​ഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയയിലെ ബോണ്ടി സ്വദേശിയാണ് മുപ്പത്തിയെട്ടുകാരനായ ​ഗോവിന്ദ്. സം​ഗീതരം​ഗത്തും മികവുപുലർത്തുന്ന ​ഗോവിന്ദിന് നോൺ ഹോഡ്ജ്കിൻസ് ലിംഫോമയാണ് സ്ഥിരീകരിച്ചത്. രോ​ഗത്തിന്റെ നാലാംഘട്ട ത്തിലൂടെയാണ് ​ഗോവിന്ദ് കടന്നുപോകുന്നത്. സിഡ്നി ഹാഫ് മാരത്തോണിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് രോ​ഗസ്ഥിരീകരണം നടത്തിയത്. 

ശരീരം നൽകിയിരുന്ന പല മുന്നറിയിപ്പുകളും താൻ അവ​ഗണിച്ചുവെന്ന് ​ഗോവിന്ദ് വീഡിയോയിൽ പറഞ്ഞു. ആഴ്ചകളോളം തനിക്ക് ശാരീരിക ക്ഷീണവും അസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഫ്ലൂവിന് സമാനമായ ലക്ഷണങ്ങൾക്കു പിന്നാലെ ആരോ​ഗ്യം ക്ഷയിക്കുകയും ചെയ്തു. കാൽമുട്ടിൽ വീക്കം അനുഭവപ്പെട്ടപ്പോൾ ഓട്ടത്തിനിടയിലെ പരിക്കുമൂലമാവാം എന്നാണ് കരുതിയത്. ശരീരമാസകലം വേദനയും വിയർപ്പും ഉണ്ടായിരുന്നു. ഫ്ലൂവിന്റേതാണോ, കോവിഡ് ആയിരിക്കുമോ എന്നെല്ലാം കരുതി. നാലാഴ്ച കഴിഞ്ഞപ്പോഴേക്കും തീർത്തും തളർന്നുപോയി.

നോൺ ഹോഡ്ജ്കിൻസ് ലിംഫോമയാണ് തനിക്ക് സ്ഥിരീകരിച്ചത്. ശരീരം മുന്നറിയിപ്പായി ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ ചികിത്സ തേടാൻ വൈകരുതെന്നും വർഷത്തിൽ രണ്ടുതവണയെങ്കിലും രക്തപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ​ഗോവിന്ദ് പറയുന്നു. 

ശാരീരികാരോ​ഗ്യം കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്ത താൻ ഒരിക്കലും കാൻസർ സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഭക്ഷണത്തിലും വർക്കൗട്ടിലുമൊക്കെ കൃത്യത പുലർത്തിയിരുന്നയാളാണ്. പക്ഷേ കാൻസറിന് അത്തരം വിവേചനങ്ങളൊന്നുമില്ലെന്ന് തനിക്ക് മനസ്സിലായെന്നും ​ഗോവിന്ദ് പറയുന്നു.

എന്താണ് നോൺ ഹോഡ്ജ്കിൻസ് ലിംഫോമ?

ശരീരത്തിൽ അണുക്കളെ ചെറുക്കുന്ന പ്രതിരോധസംവിധാനത്തിന്റെ ഭാ​ഗമായ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസറാണിത്. ലിംഫോസൈറ്റ്സ് എന്ന ശ്വേതരക്താണുക്കൾ അസാധാരണമാംവിധം വളരുകയും ശരീരത്തിലുടനീളം ട്യൂമറുകളായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. 

കഴുത്ത്, കക്ഷം, നാഭി തുടങ്ങിയ ഭാ​ഗങ്ങളിലെ ലിംഫ് നോഡുകൾ വീർക്കുക, അടിവയറിൽ വീക്കവും വേദനയും, നെഞ്ചുവേദന, ചുമയും ശ്വാസതടസ്സവും, അടിക്കടിയുള്ള ക്ഷീണം, പനി, രാത്രികാലങ്ങളിലെ വിയർപ്പ്, അകാരണമായി വണ്ണം കുറയൽ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.