ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടുത്തം ഉണ്ടായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരെ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് സംഭവ സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നല്‍കി.
ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രി 9.04 ന് അബ്കോ ടവറിന്റെ പത്താം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മുകളിലേക്ക് തീ പടരുകയായിരുന്നു. 49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ 38 നിലകളില്‍ താമസക്കാരുണ്ട്. ഇവരെ ഉടന്‍ തന്നെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു.