ഷിക്കാഗോ ∙ ഷിക്കാഗോയിലേക്ക് ടെക്സസ് സംസ്ഥാനത്തു നിന്നും പ്രവേശിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റയ്നിൽ കഴിയണമെന്ന സിറ്റി ഓഫ് ഷിക്കാഗോ ഒക്ടോബർ 6 ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. അലബാമ, അർക്കൻസാസ്, ഒക്കലഹോമ, മിനിസോട്ട തുടങ്ങിയ 19 സംസ്ഥാനങ്ങൾക്കു പുറമെ നാലു സംസ്ഥാനങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കെന്റുക്കി, വയോമിംഗ്, ടെക്സസ്, നെവേഡ എന്നിവയാണ് ഇതോടെ ക്വാറന്റീൻ കഴിയണമെന്ന സംസ്ഥാനങ്ങളുടെ എണ്ണം 23 ആയി.

ജൂലായ് 6നാണു ഷിക്കാഗോ സിറ്റിയിൽ പ്രവേശിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിലവിൽ വന്നത്. സിറ്റിയിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കുറവില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ സിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയതായി ക്വാറന്റീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാലു സംസ്ഥാനങ്ങളിലും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചതെന്ന് ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് കമ്മീഷനർ ഡോ. അലിസൺ അർവാഡി പറഞ്ഞു.