തിരുവനന്തപുരം; ഇനി സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈയിലോ അതിനുശേഷമോ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അയല്‍ ജില്ലകളിലേക്ക് ബസ് സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റിലും യാത്രക്കാര്‍ക്ക് ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ബസിന്റെ വാതിലില്‍ സാനിറ്റൈസര്‍ ഉണ്ടാകണം, മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് നിര്‍ബന്ധമാക്കി.
എന്നാല്‍ സംസ്ഥാനത്ത് കാറില്‍ ഡൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാമെന്നും ഓട്ടോയില്‍ രണ്ട് യാത്രക്കാരെയേ അനുവദിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ ഷൂട്ടിങ് സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇന്‍ഡോര്‍ സ്ഥലത്തുമാകാം, 50 പേര്‍ അധികം പാടില്ല. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങില്‍ പരമാവധി ആളുകളുടെ എണ്ണം 25 ആണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ജില്ലകളില്‍ നിത്യേന ജോലിക്ക് വന്ന് തിരിച്ചു പോകുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.