തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഏഴായിരം കടക്കുകയാണ് പ്രതിദിന രോഗികളുടെ എണ്ണം. അതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടി ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് സെപ്റ്റംബറില്‍ മാത്രം കൊറോണ മൂലം ജീവന്‍ നഷ്ടമായത് 400 പേര്‍ക്കാണ്. ഇതുവരെ ആകെ 719 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.

നേരത്തെ സംസ്ഥാനത്തെ കൊറോണ മരണത്തിന്റെ പ്രതിദിന ശരാശരി അഞ്ച് ആയിരുന്നെങ്കില്‍ ഇപ്പോഴത് 20 ആയി ഉയര്‍ന്നു. ഈ മാസം രണ്ടിന് 300 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീടുള്ള 28 ദിവസം കൊണ്ട് നാനൂറ് പേരുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഇന്നലെ മാത്രം 22 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ മരണം 700 പിന്നിട്ടു.

കേരളത്തില്‍ 0.39 ശതമാനം ആണ് മരണനിരക്ക്. ഇത് കൂടാതെ നോക്കുകയെന്നത് ശ്രമകരമാണ്. കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യവകുപ്പ്. നേരത്തെ പ്രായം ചെന്നവരില്‍ ആയിരുന്നു മരണനിരക്ക് കൂടുതലെങ്കിലും ഇപ്പോഴത് യുവാക്കളിലേക്കും വ്യാപിച്ചിട്ടുണ്ട്. കൊറോണ ബാധിക്കുന്നവരില്‍ 20നും 40നും ഇടയിലുള്ളവരില്‍ മരണനിരക്ക് കൂടുതലാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ കഴിഞ്ഞ ദിവസം പറ‌ഞ്ഞതും ഇതും കൂടി കണക്കിലെടുത്താണ്.

റിവേഴ്സ് ക്വാറന്റൈനിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ 42.49 ലക്ഷം വൃദ്ധരുടെ വിവരങ്ങള്‍ സമാഹരിച്ചിരുന്നു. ഇതില്‍ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം പേര്‍ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുമാണ്. നിലവില്‍ കൊറോണ മൂലം മരിച്ചവരില്‍ 80 ശതമാനവും മറ്റ് അസുഖങ്ങളുള്ളവരാണ്.