- മോണ്‍സിഞ്ഞോർ ചെറിയാൻ താഴമണ്‍
(മുഖ്യ വികാരി ജനറാൾ, തിരുവല്ലാ അതിഭദ്രാസനം)
ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ ഒന്നാം ഉപാധ്യക്ഷൻ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ, നാനാജാതി മതസ്ഥരായ മലയാളികൾക്ക് സുപരിചിതനായ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ സപ്തതിയാണു നാളെ. 1998- ൽ തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായപ്പോൾ തിരുവനന്തപുരത്തെ സംബന്ധിച്ച് അങ്ങയുടെ പ്രധാന പരിഗണന എന്തായിരിക്കും എന്ന ഒരു ചോദത്തിന് ഉത്തരമായി അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു: “അനന്തപുരിയിൽ നിറസാന്നിധ്യമായിരുന്ന അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ മരണം നാനാജാതിമതസ്ഥരായ മലയാളികളുടെ മനസിൽ ഉണ്ടാക്കിയ നഷ്ടബോധം സാന്നിധ്യവും സംലഭ്യതയുംകൊണ്ടു മാറ്റിയെടുക്കാൻ ശ്രമിക്കും.”
സഭയുടെയും സമുദായത്തിന്റെയും മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും വർണത്തിന്റെയും വേലിക്കെട്ടുകൾക്കുപരി സകല മനുഷ്യരെയും സഹോദരങ്ങളും ഏകദൈവത്തിന്റെ മക്കളുമായി കണ്ട മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ജീവിതം മാതൃകയാക്കാനാഗ്രഹിച്ച മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ 22 വർഷത്തെ പ്രധാനാചാര്യ ശുശ്രൂഷയും 42 വർഷത്തെ ആചാര്യശുശ്രൂഷയും ഏഴു പതിറ്റാണ്ടുകാലത്തെ ജീവിതവും സഹജീവികളോടുള്ള സഹാനുഭൂതിയുടെയും സഭകളുടെയും സമൂഹങ്ങളുടെയും മതങ്ങളുടെയും ഇടയിൽ തോണിയുടെയും പാലത്തിന്റേതുമാണ്. മാലോകരെയെല്ലാം ഒന്നുപോലെ കണ്ടിരുന്ന മാവേലിയുടെ കരയെന്നറിയപ്പെടുന്ന നാട്ടിൽ സ്ഥാപിതമായ ദദ്രാസനത്തിന്റെ പ്രഥമ പ്രധാനാചാര്യൻ സകല മനുഷ്യരെയും ഒരേപോലെ കരുതുന്നതാണ് 22 വർഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.
ജനനം 1950 മേയ് 24 ന് കൊട്ടാരക്കര കിഴക്കേതെരുവിൽ മണികെട്ടിയ കിഴക്കേവീട്ടിൽ. ജനനദിവസവും സ്ഥലവും ഭവനവും ചില സൂചനകളാൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സകലർക്കും സന്തോഷം പ്രദാനം ചെയ്യുക എന്നത് ജീവിതവ്രതമായെടുത്തിരിക്കുന്ന തിരുമേനിയുടെ വിളിപ്പേര് “ജോയിച്ചൻ” എന്നായിരിക്കുന്നതും ആകസ്മികമാകാൻ വഴിയില്ല. ആറാമത്തെ വയസിൽ അപ്പന്റെ അകാലമരണവും ഏഴാമത്തെ വയസിൽ വാത്സല്യനിധിയായ അമ്മയുടെ ആകസ്മിക നിര്യാണവും ജോയിച്ചനെ പിതാമഹന്റെ സംരക്ഷണയിലാക്കി. മാതാപിതാക്കൾ നഷ്ടപ്പെട്ട ജോയിച്ചൻ ദേവാലയവും വൈദികരുമായി ഏറെ അടുക്കാനിടയായി. ദേവാലയ ശുശ്രൂഷകളിൽ വൈദികരെ സഹായിക്കാനും ഭവന സന്ദർശന വേളകളിൽ വൈദികരുടെ കൂടെപോകാനും പലപ്പോഴും വൈദികരോടൊപ്പം കഴിയാനും ഇടയായിട്ടുണ്ട്. പുരോഹിതന്മാരുടെ ശിക്ഷണത്തിൽ വളർന്ന നസ്രത്തിലെ മറിയത്തിനും ഹേലിപുരോഹിതനോടൊപ്പം ദേവാലയത്തിൽ കഴിഞ്ഞ ശമുവേലിനും ലഭിച്ചതുപോലുള്ള ശിക്ഷണവും രൂപീകരണവും ബാല്യത്തിൽ തന്നെ ലഭിക്കാൻ മാർ ഇഗ്നാത്തിയോസ് പിതാവിനും ഇടയായത് പൗരോഹിത്യദൈവവിളിയിലേക്ക് അദ്ദേഹത്തെ നയിച്ചു.
കിഴക്കേവീട്ടിൽ ഫാ. കോശി വർഗീസിന്റെ വൈദികശുശ്രൂഷയുടെ ആരംഭം അന്ന് തെക്കൻ മിഷൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മാർത്താണ്ഡം രൂപതയിലെ “കിരാത്തൂർ” “മഞ്ഞത്തോപ്പ്” ഇടവകകളിൽ ബഹു. ലോറൻസ് തോട്ടം (ലോറൻസ് മാർ അപ്രേം മെത്രാപ്പോലീത്താ) അച്ചന്റെ സഹായിയായിട്ടായിരുന്നു. ഏറെ വൈഷമ്യമേറിയ പ്രേഷിത മേഖലയായിരുന്നെങ്കിലും അതിനെ തന്റെ ഹൃദയാഭിലാഷങ്ങൾക്കിണങ്ങിയ ശുശ്രൂഷാ വേദികളാക്കി മാറ്റുവാൻ അദ്ദേഹത്തിനു സാധിച്ചു. സമൂഹത്തിലെ കഷ്ടപ്പെടുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമപരിഗണനാർഹർ. ബാല്യം മുതൽ തന്റെ പിതാമഹനിൽനിന്നും വൈദിക ശ്രേഷ്ഠരിൽ നിന്നും കണ്ടറിഞ്ഞിട്ടുള്ള പ്രേഷിതതീക്ഷ്ണതയും സഹാനുഭൂതിയും ശുശ്രൂഷാ ജീവിതത്തിൽ പരിശീലിക്കാനും പരീക്ഷിക്കാനുമുള്ള അവസരമായി അദ്ദേഹത്തിനു തെക്കൻമിഷൻ.
കിരാത്തുരിൽ നിന്നു മാർത്താണ്ഡത്തേക്കും പാഡിയിലേക്കും തിരുവനന്തപുരത്തേക്കും പിന്നീട് മെത്രാപ്പോലീത്തായായി മാവേലിക്കരയിലേയ്ക്കും പറിച്ചുനടപ്പെട്ടപ്പോഴെല്ലാം പാവപ്പെട്ടവരോടുള്ള പരിഗണന അദ്ദേഹത്തിൽ ഉത്തരോത്തരം വളർന്നുകൊണ്ടിരുന്നു. ജാതിമതഭേദമില്ലാതെ സകലർക്കും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഇടമുണ്ട്.
മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും സാന്പത്തികവുമായ ഉയർച്ചക്ക് അടിസ്ഥാനമായിരിക്കുന്നത് വിദ്യാഭ്യാസമാണന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. തമിഴ്നാട്ടിലെ ’പാഡി’ യിലെ സേവനകാലം അദ്ദേഹത്തിലെ വിദ്യാഭ്യാസപ്രവർത്തകൻ സ്ഫുടം ചെയ്യപ്പെട്ട കാലമായിരുന്നു. പാഡിയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ൻഡറി സ്കൂളും മാർ ഗ്രിഗോറിയോസ് കോളജും ആരംഭിച്ച് വളർത്തിയത് അദ്ദേഹമാണ്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികൾക്കായിരുന്നു തന്റെ സ്കൂളിലും കോളജിലും പ്രവേശനത്തിനു പ്രഥമ പരിഗണന. മാവേലിക്കര ഭദ്രാസനാധ്യക്ഷനായി ചുമതല ഏറ്റെടുത്തതിനുശേഷം അദ്ദേഹം ആരംഭിച്ച സ്ഥാപനങ്ങളിലും നാട്ടുകാർക്കും പാവപ്പെട്ടവർക്കും പ്രഥമ പരിഗണന എന്നതാണദ്ദേഹത്തിന്റെ തത്വം.
അദ്ദേഹം ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാൻ ആയിരിക്കുന്ന അവസരത്തിലാണ് പാവപ്പെട്ടവർക്ക് പ്രത്യേക പരിഗണന നല്കുന്ന തരത്തിൽ ഭാരതത്തിലെ എല്ലാ രൂപതകൾക്കും സന്യാസ സമൂഹങ്ങൾക്കും ബാധകമായ ’വിദ്യാഭ്യാസനയം’ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്.
സാമൂഹ്യവിപത്തായ മദ്യത്തിനും ലഹരിക്കുതിരെ സന്ധിയില്ലാസമരം നയിക്കുന്ന വ്യക്തിയാണ് മാർ ഇഗ്നാത്തിയോസ് പിതാവ്. ദീർഘനാൾ കേരളകത്തോലിക്കാ മെത്രാൻ സമിതിയുടെ മദ്യവിരുദ്ധ കമ്മീഷന്റെ ചെയർമാനായും കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ചെയർമാനായും മദ്യവിപത്തിനെതിരെ കേരളത്തിലുടനീളം അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സർവരുടെയും പ്രശംസയും അംഗീകാരവും നേടിയിട്ടുള്ളതാണ്.
സാമൂഹ്യനന്മയ്ക്കായി പോരാടുന്നതിൽ അദ്ദേഹത്തിനു ക്ഷീണമോ നഷ്ടമോ ആരോഗ്യമോ പണമോ അപ്രീതിയോ പ്രതിബന്ധമാകാറില്ല. പൊതുസമൂഹത്തിന്റെ, പ്രത്യേകിച്ചു സാധാരണക്കാരുടെ, ഏതൊരാവശ്യത്തിലും എവിടെയും അദ്ദേഹം ഓടിയെത്തും. മെത്രാൻപദവിയിലേക്കുയർത്തപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ച ’സാന്നിധ്യവും സംലഭ്യതയും’ എന്ന ആദർശം അക്ഷരംപ്രതി പാലിക്കുന്നതാണു സപ്തതിയിലെത്തിയ പിതാവിൽ നാം കാണുന്നത്.
മോണ്‍സിഞ്ഞോർ ചെറിയാൻ താഴമണ്‍
(മുഖ്യ വികാരി ജനറാൾ, തിരുവല്ലാ അതിഭദ്രാസനം)