ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതി അറിയിച്ചു. ‘വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്‌നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനും’ ആണ് സമാധാന നോബേല്‍ സമ്മാനം നല്‍കുന്നതെന്നാണ് നൊബേല്‍ അസംബ്ലി ട്വീറ്റ് ചെയ്തു

ലോകത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നിര്‍വഹിക്കുന്ന സംഭാവനകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുരസ്‌കാര നേട്ടം. ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യവകാശ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഓരോ വര്‍ഷവും ലോകത്ത് ആകെ ശരാശരി ഒന്‍പത് കോടി ജനങ്ങള്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഭക്ഷണം നല്‍കി വരുകയാണ്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതില്‍ നൊബേല്‍ കമ്മിറ്റിയെ വേള്‍ഡ് ഫുഡ് പ്രോഗ്രാം നന്ദിയറിയിച്ചു. ‘സമാധാനവും വിശപ്പിന്റെ ഉന്മൂലനവും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ ഓര്‍മപ്പെടുത്തലാണിത്.’ വേള്‍ഡ് ഫുഡ് പ്രോഗ്രാം ട്വീറ്റ് ചെയ്തു. ഇത്തവണ സമാധാന നൊബേല്‍ പുരസ്‌കാരത്തിനായി 3018 നാമനിര്‍ദേശങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 318 പേരാണ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.