>ആല്‍ബര്‍ട്ട∙ കാനഡയിലെ സമീക്ഷ മീഡിയയുടെ പ്രഥമ സംരംഭമായ സമീക്ഷ മാസികയുടെ പ്രകാശനം ഒക്ടോബര്‍ 17 ശനിയാഴ്ച ആല്‍ബര്‍ട്ട സാമൂഹ്യ സേവന വകുപ്പ് മന്ത്രി രാജന് സൗണി നിര്‍വ്വഹിച്ചു.
ഐക്യം, വൈവിധ്യം, സ്വീകാര്യത, പങ്കാളിത്തം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സമീക്ഷ മാഗസിന് വിജയിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ആല്‍ബര്‍ട്ട പ്രീമിയര്‍ ജെയ്സണ്‍ കെന്നിയുടെ ആശംസാസന്ദേശം തദവസരത്തില്‍ സംപ്രേഷണം ചെയ്തു. കനേഡിയന്‍ മൂല്യങ്ങളായ സാംസ്കാരിക വൈവിധ്യത്തെയും, നാനാത്വത്തിലെ ഏകത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ കാനഡയിലെ ആദ്യ മള്‍ട്ടി കള്‍ച്ചറല്‍ കുടുംബമാസികയായ സമീക്ഷയ്ക്ക് കഴിയട്ടെ എന്ന് പ്രീമിയര്‍ ആശംസിച്ചു. സമീക്ഷ മാഗസിന് ചീഫ് എഡിറ്റര്‍ നോബിള്‍ അഗസ്റ്റിന് ആദ്യ കോപ്പി ഏറ്റുവാങ്ങി.
സമീക്ഷ മീഡിയ സര്‍ക്കുലേഷന്‍ ഡയറക്ടര്‍ ജേക്കബ് ആന്റണി അധ്യക്ഷനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന കാനഡയിലെ പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങള്‍ ഈ മാഗസിനില്‍ പ്രസിദ്ധീകരിക്കുമെന്നും കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ ആത്മ പ്രകാശനങ്ങള്‍ക്കുള്ള ഇടം ഈ മാഗസിനില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ എല്ലാ പ്രൊവിന്സുകളിലുമായി മുപ്പതു പ്രമുഖ നഗരങ്ങളില്‍ സാന്നിധ്യമുള്ള സമീക്ഷ മാഗസിന് എല്ലാ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കേരള പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്, കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവതാരം ദേവ് മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്, മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള, സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍, കാനഡയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുടെയും വിഡിയോ സന്ദേശം ചടങ്ങില്‍ പ്രക്ഷേപണം ചെയ്തു.
ടോറോണ്ടോ മലയാളി സമാജം സെക്രട്ടറി ജോസുകുട്ടി ചൂരവടി, നയാഗ്ര മലയാളി അസോസിയേഷന് പ്രസിഡന്റ മനോജ് ഇടമന, ഹാമില്ട്ടണ് മലയാളി സമാജം പ്രസിഡന്റ് തോമസ് കുര്യന്, നയാഗ്ര മലയാളി സമാജം പ്രസിഡന്റ് ബൈജു പകലോമറ്റം, എഡ്മണ്ടന് പെരിയാര്‍ അസോസിയേഷന് പ്രസിഡന്റ് വിന്‍സന്‍ കൊന്നുകൂടി, നോര്‍ത്ത് എഡ്മണ്ടന് റീജിയണല്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് ജോഷി മാടശ്ശേരി, മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് കരണ്‍ മേനോന്, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ആല്‍ബര്‍ട്ട ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, കനേഡിയന്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന് സെക്രട്ടറി രാജമ്മാള്‍ റാം, കേരള നേഴ്സ് അസോസിയേഷന് ഓഫ് ബ്രിട്ടീഷ് കൊളമ്പിയയുടെ പ്രസിഡന്റ് ആനീ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഫിനാന്‍സ് ഡയറക്ടര്‍ ജോസഫ് കുര്യന് കൃതജ്ഞത രേഖപ്പെടുത്തി. മാര്‍ക്കറ്റിങ് ഡയറക്ടര്‍ റോയ് ദേവസ്യ, ക്രിയേറ്റീവ് ഡയറക്ടര്‍ റിജേഷ് പീറ്റര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.