കൊച്ചി: ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഒരു ദിവസം 100 നടുത്ത് പേരെ ഇത്തരത്തില്‍ പരിശോധിക്കും. ലക്ഷണമുള്ളവരില്‍ നടത്തുന്ന പരിശോധനയുടെ എണ്ണവും കൂടും. ലക്ഷണമുള്ളവരില്‍ 180 മുതല്‍ 200 വരെ ആളുകളുടെ സ്രവങ്ങളാണ് ഒരു ദിവസം പരിശോധനക്കെടുക്കുകയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് പ്രദേശങ്ങളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടവര്‍ക്ക് 4000 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 700 വീടുകള്‍ സജ്ജമാണ്. മുനിസിപ്പിലാറ്റികളില്‍ 169 ഫ്‌ളാറ്റുകളും വീടുകളും സജ്ജമാക്കി. പണം നല്‍കി സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടവര്‍ക്ക് ഇതുവരെ 21 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. അത് 60 ആക്കി. കൂടുതല്‍ പേര്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടി വന്നാല്‍ കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍, നെടുമ്ബാശേരിയിലെ ഹജ്ജ് കേന്ദ്രം എന്നിവ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
നഗരപ്രദേശങ്ങളില്‍ പത്ത് വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയിലും ഗ്രാമപ്രദേശങ്ങളില്‍ അഞ്ച് വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയിലും നീരീക്ഷണത്തിനായി വാളന്റിയര്‍മാരെ നിയമിക്കും. പുറത്തു നിന്ന് വരുന്നവരെ അതത് പഞ്ചായത്തുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയാനുള്ള സംവിധാനം ഒരുക്കും. ഇതിനായി അങ്കണവാടികള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, റൂറല്‍ എസ്പി കെ. കാര്‍ത്തിക്, ഡിസിപി ജി. പൂങ്കഴലി, ഡിഎംഒ എം.കെ. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.