തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാമെന്ന് കണ്‍സോര്‍ഷ്യം ലീഡറായ ബിഇഎല്‍ ചെയര്മാന് എം.വി ഗൗതം അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബിഇഎല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ കമ്ബനികളും എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്ബനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം. കണ്‍സോര്‍ഷ്യത്തിലുള്‍പ്പെടുന്ന കമ്ബനികളുടെ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്കുവാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ഇതോടൊപ്പം വിദ്യാലയങ്ങളിലും ആശുപത്രികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഈ നെറ്റ്വര്‍ക്ക് വഴി കണക്ഷന് ലഭ്യമാക്കും. ഇന്ത്യയിലെ എറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയായിരിക്കും കെ ഫോണ്‍ എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
1500 കോടിയാണ് കെ-ഫോണ്‍ പദ്ധതിയുടെ ചെലവ്. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്ബനിയും കെഎസ്ഇബിയും യോജിച്ചാണ് കെ ഫോണ്‍ നടപ്പാക്കുന്നത്. കെഎസ്ഇബി ലൈനിലൂടെ ഒപ്ടിക്കല്‍ കേബിള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 54,000 കിലോമീറ്റര്‍ ലോകോത്തര നിലവാരത്തിലുള്ള ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയാണ് കെ ഫോണ്‍ യാഥാര്‍ത്ഥ്യമാക്കുക.
ഇത് വഴി 10 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗത്തില്‍ വരെ വേഗതയില്‍ വിവരങ്ങള്‍ അയക്കുവാന്‍ സാധിക്കും. എന്നാല്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് സേവന ദാതാവല്ല, മറ്റ് സേവനദാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന അടിസ്ഥാന സംവിധാനമാണ്. കെഎസ്ഇബിയുടെ പ്രസരണ ശൃംഖലക്കൊപ്പമാണ് പുതിയ ഫൈബര്‍ നെറ്റ്വര്ക്കും സ്ഥാപിക്കുക.