കല്‍പ്പറ്റ: കാരയ്‌ക്കാമല പള്ളിമുറിയില്‍ വൈദികനും കന്യാസ്‌ത്രീയും അവിഹിതബന്ധത്തിലേര്‍പ്പെട്ടെന്നു സാമൂഹിക മാധ്യമത്തിലൂടെ ആരോപണമുന്നയിച്ച സിസ്‌റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇടവകാംഗങ്ങളില്‍ ചിലര്‍ രംഗത്ത്. അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചു സഭയെയും വൈദികരെയും കന്യാസ്‌ത്രീകളെയും താറടിക്കുകയാണെന്നു ജില്ലാ കലക്‌ടര്‍ക്കും പോലീസിനുമടക്കം പരാതി നല്‍കുമെന്ന് ഇടവകാംഗങ്ങളായ സണ്ണി പേര്യക്കോട്ടില്‍, ജോണ്‍സണ്‍ ചിറായില്‍, ടോമി വള്ളോംതോട്ടത്തില്‍, ആന്‍ജോ ഏറത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പള്ളിമുറിയിലെ അടുക്കളയില്‍ വൈദികനും കന്യാസ്‌ത്രീയും കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്നതു കണ്ടെന്നും അതോടെ വൈദികന്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും സിസ്‌റ്റര്‍ ലൂസി ഫെയ്‌സ്‌ബുക്കില്‍ എഴുതിയിരുന്നു. എന്നാല്‍, പോലീസിന്റെയും സഭാധികാരികളുടെയും സാന്നിധ്യത്തില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും അങ്ങനെയൊന്നും നടന്നിട്ടില്ലെന്നു വ്യക്‌തമായെന്നും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
അടുക്കളയിലും ഊണുമുറിയിലും സി.സി. ടിവി ക്യാമറയില്ല. എങ്കിലും സാഹചര്യത്തെളിവുകള്‍ നോക്കുമ്ബോള്‍, സിസ്‌റ്റര്‍ ലൂസി പറയുന്നതുപോലുള്ള സംഭവം നടന്നിട്ടില്ല. വളരെക്കുറച്ചു സമയംമാത്രമാണ് കന്യാസ്‌ത്രീ പള്ളിമുറിയിലുണ്ടായിരുന്നത്. മഠത്തില്‍നിന്നു കന്യാസ്‌ത്രീകള്‍ വൈദികനു ഭക്ഷണം കൊണ്ടുപോയി കൊടുക്കുകയാണു പതിവ്. തലേന്നു ഭക്ഷണം കൊടുത്ത പാത്രങ്ങള്‍ തിരിച്ചെടുക്കാനാണ് കന്യാസ്‌ത്രീ 28-നു രാവിലെ പള്ളിമുറിയില്‍ പോയതെന്നു ഭാരവാഹികള്‍ പറഞ്ഞു. സിസ്‌റ്റര്‍ ലൂസിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്‌തികളുടെ ഇടപെടലുണ്ട്. ആരുടെയോ ആജ്‌ഞ പ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു സിസ്‌റ്റര്‍ ലൂസി കളപ്പുര പറയുന്ന സാഹചര്യത്തില്‍ അവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എവിടെയെങ്കിലും താമസിപ്പിച്ചു സുരക്ഷ ഉറപ്പാക്കണം.
സിസ്‌റ്റര്‍ ലൂസി കളപ്പുര നാടിന് അപമാനവും ഭീഷണിയുമാണെന്ന ആരോപണവും ഇടവക പ്രതിനിധികള്‍ ഉന്നയിച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ ഏതാനും കന്യാസ്‌ത്രീകള്‍ എറണാകുളത്തു നടത്തിയ സമരത്തെ പിന്തുണച്ചതടക്കമുള്ള നടപടികളാണു സിസ്‌റ്റര്‍ ലൂസിയെ സഭാനേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) അംഗമായ അവര്‍ അനുവാദം ചോദിക്കാതെ കാര്‍ വാങ്ങിയതും ഇടയ്‌ക്കു ചുരിദാര്‍ ധരിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിക്കുന്നതും സന്യാസജീവിതത്തിനു ചേര്‍ന്നതല്ലെന്നു സഭാധികൃതര്‍ പറയുന്നു. ഇക്കാരണങ്ങളാല്‍ ലൂസിയെ വത്തിക്കാന്‍ സന്യാസസഭയില്‍നിന്നു പുറത്താക്കിയെങ്കിലും അവര്‍ കോടതിയുത്തരവിന്റെ പിന്‍ബലത്തില്‍ മഠത്തില്‍ തുടരുകയാണ്.