ന്യൂഡല്‍ഹി: സുരക്ഷാ സേനയെക്കുറിച്ച് നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ്-ഇടത് സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ്. കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ അടുത്തിടെ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദില്‍ബഗ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ പുല്‍വാമയില്‍ ഐഇഡി നിറച്ചെത്തിയ കാര്‍ ബോംബ് സുരക്ഷാ സേന നിര്‍വീര്യമാക്കിയിരുന്നു. എന്നാല്‍, സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ കശ്മീര്‍ താഴ്‌വരയിലെത്തി എന്നാണ് പുനിയ ചോദിച്ചത്. പുനിയയുടെ ചോദ്യത്തെ രൂക്ഷമായ ഭാഷയിലാണ് ദില്‍ബഗ് സിംഗ് വിമര്‍ശിച്ചത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് പാകിസ്താനാണെന്നും അവര്‍ക്ക് ഇന്ത്യയെ മോശമായി ചിത്രീകരിക്കാന്‍ അവസരം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ നടക്കുന്ന സൈനിക നടപടികളേക്കുറിച്ച് ഒന്നും അറിയാത്തവരാണ് നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പുല്‍വാമയിലെ കാര്‍ ബോംബ് സംഭവത്തേക്കുറിച്ച് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും ഉചിതമായിരുന്നില്ല. സ്‌ഫോടനത്തില്‍ നിന്ന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളേക്കുറിച്ച് തങ്ങള്‍ക്ക് മാത്രമേ അറിയൂ എന്ന് ദില്‍ബഗ് സിംഗ് പറഞ്ഞു.
സുരക്ഷാ സേനക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പാകിസ്താന്‍ ഇന്ത്യക്കെതിരായ ആയുധമാക്കും. ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്താന്‍ ഒരവസരം കാത്തിരിക്കുകയാണ്. ഇത്തരം പരാമര്‍ശങ്ങള്‍ പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനമാകും. ഇതിനാല്‍ സുരക്ഷാ സേനയെ വിമര്‍ശിക്കുന്നവര്‍ക്ക് വസ്തുതകള്‍ അറിയാത്ത പക്ഷം വായടച്ചിരിക്കുന്നതാണ് നല്ലതെന്നും ദില്‍ബഗ് സിംഗ് മുന്നറിയിപ്പു നല്‍കി.