എണ്‍പതുകളുടെ അവസാനം കാടും മേടും താണ്ടി ഹൈറേഞ്ചിലെ പള്ളികളിൽ ശുശ്രൂഷ ചെയ്തത് ഇന്നും നല്ല ഓർമയുണ്ട് നിയുക്ത ബിഷപ് മോണ്‍. ആന്റണി കാക്കനാട്ട് റന്പാന്. മൂന്നു വർഷത്തോളം അവരിൽ ഒരാളായി ജീവിക്കുന്നതിനു കൃപ ലഭിച്ചു. ഹൈറേഞ്ച് നിവാസികളുടെ അടിയുറച്ച വിശ്വാസവും ഭക്തിയും കഠിനാധ്വാനശീലവും ഇന്നും അതിശയത്തോടെയും ആദരവോടെയുമാണ് ഓർമിക്കുന്നത്.
1961 ജൂലൈ 18ന് കല്ലുപ്പാറ പഞ്ചായത്തിൽ കാക്കനാട്ട് പരേതനായ കെ.കെ. വർഗീസിന്റെയും സാറാമ്മാ വർഗീസിന്റെയും ഏഴാമത്തെ മകനായാണ് മോണ്‍. ഡോ. ആന്റണി കാക്കനാട്ട് റന്പാൻ ജനിച്ചത്. വടവാതൂർ സെമിനാരിയിലായിരുന്നു ത്വത്വ ശാസ്ത്ര-ദൈവശാസ്ത്ര പരിശീലനം. 1987 ഡിസംബർ 30ന് ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസിൽനിന്നു വൈദിക പട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം റോമിലുള്ള പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി.
1996-1998 വർഷങ്ങളിൽ തിരുവനന്തപുരം സെന്റ് മേരീസ് മേജർ സെമിനാരിയിൽ അധ്യാപകനായും 1988 മുതൽ 2005 വരെ തിരുവല്ല ശാന്തിനിലയത്തിന്റെയും തിരുവല്ല രൂപതയുടെ മതബോധന കേന്ദ്രത്തിന്റെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ശുശ്രൂഷയാണ് തന്റേതെന്നു മോണ്‍. ആന്റണി കാക്കനാട്ട് റന്പാൻ ഉറച്ചു വിശ്വസിക്കുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ തന്നെ ദൈവമല്ലാതെ ആരാണ് കൈപിടിച്ചു നടത്തുക? മെത്രാഭിഷേകത്തിനു മുന്നോടിയായി ദൈവം നടത്തിയ വഴികളെക്കുറിച്ച് നിയുക്ത ബിഷപ് മോണ്‍. ആന്റണി കാക്കനാട്ട് റന്പാൻ ദീപികയുമായി സംസാരിക്കുന്നു:
ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ശുശ്രൂഷ
എന്റെ പൗരോഹിത്യ ശുശ്രൂഷയിൽ എക്കാലവും ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ശുശ്രൂഷകളിലൂടെ ദൈവം എന്നെ ഒരു ഉപകരണമാക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ എന്നും ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ വിദേശത്തു പഠിക്കാൻ പോകുമെന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല.
എന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അദ്ഭുതകരമായ നടത്തിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. റോമിലെ പഠനശേഷം തിരിച്ചു വന്നപ്പോൾ മലങ്കര സഭയുടെ ടെക്സ്റ്റ് ബുക്ക് തയ്യാറാക്കുന്നതിനുള്ള ചുമതലയാണ് എന്നെ ഏൽപിച്ചത്. ഇപ്പോൾ എന്നോടു ചോദിച്ചാൽ ചിലപ്പോൾ എനിക്കു ഭയം തോന്നും. വലിയ ഒരു ചുമതലയായിരുന്നു അത്. അന്ന് ഭയമില്ലാതെ അതു പൂർത്തിയാക്കാൻ ദൈവം അനുവദിച്ചു.
ബലപ്പെടുത്തിയ ദൈവം
അദൃശ്യമായ ഒരു ദൈവശക്തി എന്നെ എന്നും പിന്തുടർന്നിരുന്നു. ആ ശക്തി എന്നും എന്റെ ഉള്ളിലുണ്ട്. ഭയപ്പെട്ട് മാറി നിൽക്കാതെ കർമങ്ങൾ ചെയ്യാൻ സാധിച്ചു. പ്രവർത്തിച്ച എല്ലാ മേഖലകളിലും ഞാൻ ദൈവത്തിന്റെ നടത്തിപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ നടത്തിപ്പിനു ഞാൻ എന്നും നന്ദിയുള്ളവനാണ്. ദൈവം എന്നോട് എന്നും വിശ്വസ്തനായിരുന്നു. ഞാൻ ചിന്തിക്കാത്ത തരത്തിലുള്ള കാരുണ്യവും കൃപകളും എനിക്കായി ഒഴുക്കി.
മെത്രാൻ സ്ഥാനത്തേക്കുള്ള വിളി
ആധുനിക കാലഘട്ടത്തിൽ മെത്രാൻ സ്ഥാനം വെല്ലുവിളിയാണെന്നു ബോധ്യമുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ മുന്നോട്ടു പോകുക അത്ര സുഖകരമല്ലെന്നും ചിന്തയുണ്ട്. ഈ ഒരു ശുശ്രൂഷയിലേക്കു കടന്നുവരാനോ ശുശ്രൂഷ ഏറ്റെടുക്കാനോ വേണ്ട ബലമോ ശക്തിയോ കഴിവോ ഉള്ള ആളല്ല ഞാൻ. എങ്കിലും 34 വർഷത്തെ എന്റെ പൗരോഹിത്യത്തിൽ ദൈവമാണ് എന്നെ നടത്തിയത് എന്നു ഞാൻ തിരിച്ചറിയുന്നു. ഇന്നുവരെ നടത്തിയ ദൈവം നാളെയും എന്നെ നടത്തും എന്ന വിശ്വാസമാണ് ഈ ശുശ്രൂഷ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്.
പ്രവർത്തനശൈലി
സുവിശേഷത്തിൽ അധിഷ്ഠിതമായ ഒരു പ്രവർത്തന ശൈലി ഉണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സുവിശേഷത്തിനനുസരിച്ച് ജീവിക്കാനും സുവിശേഷത്തിന്റെ പരിമളം എല്ലാവരിലും എത്തിക്കാനും സുവിശേഷത്തിനു സാക്ഷിയാകാനും സാധിക്കുമെങ്കിൽ അതിനപ്പുറത്ത് ഒരു ലക്ഷ്യവും എന്റെയുള്ളിലില്ല. ലാളിത്യത്തിന്റെയും എളിമയുടെയും സ്നേഹത്തിന്റെയും ഒക്കെ ഭാഷ എന്റെ മനസിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
ഒരു മെത്രാനെ സംബന്ധിച്ചിടത്തോളം സുവിശേഷത്തിന്റെ പരിമളമാണ് എല്ലായിടത്തും നൽകേണ്ടത്. യേശുവിന്റെ സുവിശേഷത്തിൽ വളരുക എന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. എങ്കിലും സുവിശേഷം വിഭാവനം ചെയ്യുന്ന ഒരു ക്രിസ്തീയ ജീവിതം മെത്രാൻ ശുശ്രൂഷയിൽ നിറവേറ്റണമെന്നതാണ് എന്റെ മനസിലെ ഏറ്റവും വലിയ ചിന്ത. അതുകൊണ്ടാണ് സുവിശേഷ സാക്ഷിയാകാൻ എന്നത് എന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.
വെല്ലുവിളികൾ
എല്ലാ ശുശ്രൂഷകളിലും വെല്ലുവിളികളുണ്ടാകും. ഏതു വെല്ലുവിളികൾക്കിടയിലും ശുശ്രൂഷ നിർവഹിക്കുന്നതിനു ദൈവമാണ് കരുത്തു പകരുക. അപ്പസ്തോലന്മാർ പരിശുദ്ധാത്മ ശക്തിയിൽ ആശ്രയിച്ചാണ് പ്രതിസന്ധികളെ അതിജീവിച്ചത്. ആദ്യ കാലഘട്ടങ്ങളിൽ അവർ ഭയപ്പെട്ടാണ് ജീവിച്ചത്.
പീഡനങ്ങളിലൂടെയും മത മർദനങ്ങളിലൂടെയും കടന്നുപോയപ്പോൾ സഭ പരിശുദ്ധാത്മാവിന്റെ ശക്തിയിലാണ് നിലനിന്നത്. ആ ശക്തിയാണ് ഇന്നും കരുത്തു പകരുന്നത്, വെല്ലുവിളികളെ നേരിടാൻ കൃപ തരുന്നത്. യഥാർഥ സുവിശേഷം നൽകുന്ന അധ്യാത്മികതയിൽ എന്റെ പൗരോഹിത്യത്തെ മെത്രാൻ ശുശ്രൂഷയുമായി ചേർത്തു നിർത്തുന്പോൾ അതെല്ലാം അനുഗ്രഹപ്രദമാകും എന്നാണ് കരുതുന്നത്.