സുശാന്ത് സിം ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരേ കേസ്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് സെക്‌ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സുശാന്തിനെ ഏഴോളം സിനിമകളില്‍ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റീലീസുകള്‍ക്ക് തടസ്സം വരുത്തുവാനും ഇവര്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ആരോപിക്കുന്നു. ഇതെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും ഇദ്ദേഹം പറയുന്നു.
സുശാന്ത് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് സൂചിപ്പിച്ച്‌ സംവിധായകന്‍ ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രം ഗത്തെത്തിയിരുന്നു. കുറച്ച്‌ വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയര്‍സ്റ്റെെലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു.