ലോകത്തെയാകെ പിടിച്ചു കുലുക്കുകയാണ് കോവിഡ് മഹാമാരി. രോഗത്തെ വരുതിയിലാക്കാനുള്ള പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ലോക രാഷ്ട്രങ്ങള്‍. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത ലക്ഷണങ്ങള്‍. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്.

‘സാധ്യമായ എല്ലാ ലക്ഷണങ്ങളും ഇതിലുള്‍പ്പെടുന്നില്ല. കോവിഡിനെക്കുറിച്ച്‌ കൂടുതലറിയുമ്ബോള്‍ പട്ടിക പുതുക്കുന്നതു തുടരും’- സിഡിസി അവരുടെ വെബ്‌സൈറ്റില്‍ പറഞ്ഞു. കോവിഡ് ബാധിച്ച ആളുകള്‍ വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സാര്‍സ് കോവ്-2 വൈറസ് ബാധിച്ച്‌ 2 മുതല്‍ 14 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നും സിഡിസി മുന്നറിയിപ്പ് നല്‍കി.

രോഗം സ്ഥിരീകരിച്ച കേസുകളിന്‍മേല്‍ ലോകാരോഗ്യ സംഘടനയുടെ അവലോകനത്തില്‍ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകള്‍), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടല്‍ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാല്‍ജിയ (പേശീവേദന) അല്ലെങ്കില്‍ അര്‍ത്രാല്‍ജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), [28] വൈറസ് ശരീരത്തിലെത്തിയ ആള്‍ക്കാരില്‍ 97.5% പേര്‍ക്ക് 11.5 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടമാകും. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പുറത്തെത്തിയവരില്‍ 10000 പേര്‍ക്ക് 101 പേര്‍ എന്ന കണക്കില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരില്‍ 2.5 പേര്‍ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂര്‍ച്ഛിക്കുന്നത്.