കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചും ഷോക്കടിപ്പിച്ചും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വീടുമായി ബന്ധമുള്ളവരാണെന്ന് സംശയം. തിങ്കളാഴ്ച വൈകിട്ടാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സലില്‍ സാലി (65), ഷീബ(60) എന്നിവരെ ആക്രമിച്ചത്.
തലയ്ക്ക് അടിയേറ്റ ഷീബ വീടിനുള്ളില്‍ വച്ച് തന്നെ മരിച്ചു. സാലി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ഇരുവരെയും ഇരുമ്പ് കമ്പി കൊണ്ട് കെട്ടിയിട്ട ശേഷം ഷോക്കടിപ്പിച്ചു. കൂടാതെ പാചകവാതക സിലണ്ടര്‍ തുറന്ന് വച്ച നിലയിലുമായിരുന്നു. അഗ്നിശമന സേന എത്തിയാണ് സിലണ്ടറും വൈദ്യുതി ബന്ധവും ഓഫാക്കിയത്. കൊലപാതകത്തിന് ശേഷം അക്രമി വീട്ടിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് സ്വര്‍ണ്ണമോ മറ്റ് വിലപിടിപ്പുളളതോ നഷ്ടപ്പെട്ടതായി സൂചനയില്ല. ഇന്ന് രാവിലെ ഐജി മഹേഷ് കുമാര്‍ കാളിരാജ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. വീടിന്റെ പരിസരത്ത് നിന്ന് ഒരു ഗ്ലൗസ് ലഭിച്ചിരുന്നു. അതില്‍ മണം പിടിച്ച് പോലീസ് നായ താഴത്തങ്ങാടി മേല്‍പ്പാലത്തിന് താഴെയുള്ള മാടക്കടയ്ക്ക് പിന്‍വശത്തുള്ള കുളിക്കടവില്‍ വരെ എത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ അടുത്തടുത്ത് വീടുകള്‍ ഉണ്ടായിരുന്നിട്ടും കൊലപാതക വിവരം വൈകിട്ട് മാത്രമാണ് പുറം ലോകമറിഞ്ഞത്. സാലിയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാന്‍ വന്നവര്‍ പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും എത്തി നോക്കുമ്പോളാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. വീട്ടില്‍ ഇരുവരും തനിച്ചയായിരുന്നു കഴിഞ്ഞത്.