തിരുവനന്തപുരം: സ്ഥിരമായി ഓഫീസ് യാത്രകള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ചാണ് ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി കെ.എസ്.ആര്‍.ടി.സി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്‍, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആര്‍.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച്‌ ആണ് ഈ നോണ്‍ സ്റ്റോപ്പ് സര്‍വ്വീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.

ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ്. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പായിരിക്കും.

അവരവരുടെ ഓഫീസിന് മുന്നില്‍ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണ്.