ഡൽഹി: സ്വകാര്യ കോളേജുകളിലെ ഹിജാബ് നിരോധനം ശരിവച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എൻജി ആചാര്യ ആന്‍ഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് വിധി.

 ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം.

കോളേജിന്റെ നിബന്ധന ആശ്ചര്യമുണ്ടാക്കിയെന്നും കോടതി വിശദമാക്കി. എന്താണിത്, ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.

വിദ്യാർത്ഥികളുടെ മതം വ്യക്തമാക്കുന്നുവെന്ന് വിശദമാക്കിയാണ് ഹിജാബ് അടക്കമുള്ളവയ്ക്ക് സ്വകാര്യ കോളേജ് നിരോധനം ഏർപ്പെടുത്തിയത്.

വിദ്യാർത്ഥികളുടെ പേര് അവരുടെ മതം വ്യക്തമാക്കില്ലേയെന്നും ഇതൊഴിവാക്കാൻ പേരിന് പകരം നമ്പറിട്ട് വിളിക്കുമോയെന്നാണ് ജസ്റ്റിസ് സഞ്ജയ് കുമാർ ചോദിച്ചത്. കോളേജിന് വേണ്ടി മുതിർന്ന അഭിഭാഷകയായ മാധവി ദിവാനാണ് വാദിച്ചത്.