സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം ശിവശങ്കര്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇ ഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിച്ചു.
സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച കേസില്‍ പ്രതിയല്ലാതിരുന്നിട്ടും പ്രാഥമിക കുറ്റപത്രത്തില്‍ തനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്‌സമെന്റ് ഉന്നയിച്ചത്. ഇതില്‍ താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളാണ് പ്രധാന തെളിവായി ഇ ഡി ഉയര്‍ത്തുന്നത്. എന്നാല്‍ ഷാര്‍ജ സുല്‍ത്താന്‍ ടിപ്പ് നല്‍കിയ പണം കൈകാര്യം ചെയ്യുന്നതില്‍ സ്വപ്നയെ സഹായിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. ഇതിന് വേണ്ടിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് വാട്‌സാപ്പ് സന്ദേശം അയച്ചത്. കള്ളക്കടത്ത് പിടികൂടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണിതെന്നും ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോണ്‍സുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പല ചടങ്ങുകളിലും പങ്കെടുത്തു. പരസ്പരം സമ്മാനങ്ങള്‍ നല്‍കി. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഇ ഡി ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ട്.