ചെന്നൈ: സ്വയം കണ്ടുപിടിച്ച കോവിഡ് മരുന്ന് കഴിച്ചുമരിച്ച ഹെര്‍ബല്‍ കമ്ബനി ജനറല്‍ മാനേജര്‍ക്ക് കോവിഡ് രോഗം സ്ഥിരീകിരിച്ചു. മൂന്ന് ദിവസം മുന്‍പാണ് സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച്‌ 47കാരനായ ശിവനേശന്‍ മരിച്ചത്.

ജനസമ്മിതിയുള്ള ഉല്‍പന്നങ്ങളായ നിവാരണ്‍ 90, വെല്‍വെറ്റ് ഷാംപൂ, മെമ്മറി പ്ലസ് എന്നീ മരുന്നുകള്‍ പുറത്തിറക്കിയിരുന്ന സുജാത ബയോടെക് എന്ന ഫാര്‍മസി കമ്ബനിയുടെ ജനറല്‍ മാനേജരായിരുന്നു ശിവനേശന്‍. കമ്ബനിയുടമ ഡോ. രാജ്കുമാറിനൊപ്പം തേനാംപേട്ടിലായിരുന്നു താമസം. രണ്ടുപേരും ചേര്‍ന്ന് നാളുകളായി കോവിഡിനെതിരെയുള്ള മരുന്ന് ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.

സോഡിയം നൈട്രേറ്റ് കലര്‍ന്ന ഇതേ മരുന്ന് ഡോ. രാജ്കുമാറും കഴിച്ചിരുന്നുവെങ്കിലും തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ശിവനേശന്‍റെ മരണം സംഭവിച്ചത്.

പരിശോധനാഫലം വന്നതിനുശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം സംസ്ക്കരിച്ചത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.