സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ എന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. മന്ത്രി കെ. ടി. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത് സംബന്ധിച്ച ചോദ്യത്തോട് എല്ലാവര്‍ക്കും മുകളിലാണ് നിയമമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാളെ സ്വപ്‌നാ സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങുന്ന സാഹചര്യത്തിലാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴി അടക്കം പരിശോധിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടക്കം അടിസ്ഥാനത്തിലാണ് നാളെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി മൊഴികള്‍ പരിശോധിക്കുന്നത്.