ഇസ്ലാമാബാദ്: പാരീസ് ഒളിമ്പിക്സിൽ ഒളിമ്പിക് റെക്കോഡോടെ സ്വർണമണിഞ്ഞതിനു പിന്നാലെ വാർത്തകളിൽ ഇടംപിടിക്കുകയാണ് പാകിസ്താൻ ജാവലിൻ താരം അർഷാദ് നദീം. പാകിസ്താനായി ഒളിമ്പിക് സ്വർണം നേടുന്ന ആദ്യതാരമെന്ന നേട്ടം സ്വന്തമാക്കി നാട്ടിലെത്തിയ താരത്തിന് ഭാര്യാപിതാവ് പോത്തിനെ സമ്മാനം നൽകിയതും പാകിസ്താനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷരീഫ് 10 കോടി പാകിസ്താൻ രൂപയും കാറും നൽകിയതുമെന്നാം വലിയതോതിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരൻ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസയറിയിച്ചുകൊണ്ട് താരം പങ്കുവെച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീട്ടിലെ മുറിയിലിരുന്ന് ചിത്രീകരിച്ചെന്ന് കരുതുന്ന വീഡിയോയിൽ പാക് ജനത ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചെല്ലാം നദീം വാചാലനാകുന്നുണ്ട്. എന്നാൽ ഈ വീഡിയോ വൈറലായത് മറ്റൊരു കാരണംകൊണ്ടായിരുന്നു. നദീമിന്റെ വീഡിയോയുടെ പശ്ചാത്തലത്തിൽ ഒരാൾ കൂർക്കംവലിക്കുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഇതോടെ ഈ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിലെങ്ങും ചിരിപടർത്തി.

വീഡിയോയുടെ പശ്ചാത്തലത്തിലെ കൂർക്കംവലി കേൾക്കാൻ സാധിക്കുന്നുണ്ടെന്ന് മനസിലാക്കിയ നദീം പിന്നീട് ഈ വീഡിയോ നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും ഇത് സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞിരുന്നു. പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ 92.97 മീറ്റർ ദൂരമെറിഞ്ഞാണ് നദീം സ്വർണം നേടിയത്. ഇതോടെ ഒളിമ്പിക് റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.